തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് രാഹുല്‍ഗാന്ധിയുടെ പ്രതികരണം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഉത്തര്‍പ്രദേശിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.
മണിപ്പൂരിലും ഗോവയിലും പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി പുറത്തെടുത്തത്. ഇവിടെ ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. തങ്ങള്‍ പ്രതിപക്ഷത്താണ്. ഉയര്‍ച്ചയും താഴ്ച്ചയും എല്ലാവര്‍ക്കുമുണ്ടാകും. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ മൂന്നെണ്ണത്തില്‍ ഒന്നാമതെത്തുക എന്നത് ചെറിയ കാര്യമല്ല. വിജയിച്ച രണ്ടിടത്ത് ജനാധിപത്യത്തിന് തുരങ്കം വെക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും പണം ഉപയോഗിച്ചാണ് അവരുടെ നീക്കങ്ങളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ ആശയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി മുന്നിട്ടിറങ്ങുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഗോവയില്‍ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഗോവയില്‍ വിശ്വാസവോട്ട് നേടണമെന്നാണ് കോടതി നിര്‍ദ്ദേശം.