ലെഗ്ഗിന്‍സ് ഇടരുത് , ആണും പെണ്ണും ഒരുമിച്ചിരിക്കരുത് ; കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിയ്ക്കുന്നതും, പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ഇടുന്നത് വിലക്കുകയും ചെയ്ത മാനേജ്‌മെന്റ് നടപടിയ്‌ക്കെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ . ഒഴിവുസമയത്ത് പെണ്‍കുട്ടികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് മാത്രമേ ഇരിയ്ക്കാവൂ എന്നാണ് പുതിയ ഉത്തരവ്. മാത്രമല്ല ആണ്‍കുട്ടികള്‍ക്ക് ഒപ്പം ഇരിയ്ക്കാനും പാടില്ല. പെണ്‍കുട്ടികള്‍ ലെഗ്ഗിങ്‌സ് ഇടാന്‍ പാടില്ല. ഏത് വസ്ത്രമാണെങ്കിലും ഒപ്പം ഷാളും ധരിച്ചിരിയ്ക്കണം എന്നിങ്ങനെ പോകുന്നു അവിടുത്തെ നിയമങ്ങള്‍. ഇത് അനുസരിക്കാതെ കോളേജില്‍ വരുന്ന പെണ്‍കുട്ടികളെ വസ്ത്രധാരണത്തിന്റെ പേരില്‍ പീഡിപ്പിയ്ക്കാറുണ്ടെന്നും ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പറയുന്നു. അതേസമയം ഈ നിയന്ത്രണങ്ങള്‍ ഒന്നും പുതിയതല്ലെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ഇപ്പോള്‍ മാത്രം ഇത് ഒരു പ്രശ്‌നമായത് എങ്ങനെ എന്ന് അറിയില്ലെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് മാനേജ്‌മെന്റ് ആണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിയ്ക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പാളിന്റെ ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിയ്ക്കുകയും ചെയ്തു.