താനൂര്‍ സംഘര്‍ഷം ; പോലീസ് വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു എന്ന് ആരോപണം

താനൂരില്‍  ദിവസങ്ങളായി തുടര്‍ന്ന്  സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷവുമായി നേരിട്ട്  ബന്ധമുണ്ടെന്ന് സംശയിക്കുന്നവരേയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.   13 സിപിഎം പ്രവര്‍ത്തകരും 19 ലീഗ് പ്രവര്‍ത്തകരും  റിമാന്‍ഡിലാണ്. അതേസമയം പ്രദേശത്ത് അക്രമം നടത്തിയത് പോലീസാണെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നു. വാഹനങ്ങള്‍ തകര്‍ത്തത് പോലീസുകാരാണെന്നാണ് പ്രദേശവാസികളും പറയുന്നത്. രാത്രിയില്‍ വീടുകളില്‍ കയറിവരുന്ന പോലീസ് സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുന്നതായും ആരോപണമുണ്ട്. ലീഗിന് പുറമേ സിപിഎമ്മും ഇടതുമുന്നണിയും പോലീസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. സംഘര്‍ഷത്തില്‍ രണ്ടര കോടിയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ പൊലീസാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് തീരദേശത്തെ പല കുടുംബങ്ങളും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. താനൂര്‍ തീരദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനെ ആക്രമിച്ചിരുന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി താനൂരില്‍ മുസ്ലീം ലീഗ് പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് നിത്യസംഭവമായിരുന്നു.