രണ്ടു ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് തയാറായാല്‍ രാമചന്ദ്രന്റെ മോചനം ഉടന്‍


ദുബൈ: സാമ്പത്തിക ഇടപാടുകളില്‍ പാളിച്ചപറ്റി ദുബൈ ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തം. കേസുകള്‍ നല്‍കിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയാറായ സാഹചര്യത്തിലാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

ഏതാണ്ട് രണ്ടു ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് തയാറായാല്‍ രാമചന്ദ്രന്റെ 18 മാസം നീണ്ട ജയില്‍വാസത്തിന് അവസാനമായേക്കുമെന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. വായ്പ തിരിച്ചടക്കുന്നതിന് സാവകാശം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് രാമചന്ദ്രന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്.

ജയില്‍ മോചിതനായാല്‍ സ്വത്തുവകകള്‍ വില്‍പന നടത്തി വായ്പ തിരിച്ചടക്കാനാകുമെന്നാണ് ആദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും രാമചന്ദ്രന്റെ നിയമോപദേശകര്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2015 ആഗസ്ത് 23നാണ് രാമചന്ദ്രനെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തത്. ബാങ്കുകളിലുള്ള വായ്പക്കുമേല്‍ തിരിച്ചടവ് വൈകിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.