ലാവലിന്‍ കേസ് ; പിണറായി വിജയനെതിരായ കുറ്റങ്ങള്‍ നിരത്തി സിബിഐ ഹൈക്കോടതിയില്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കുറ്റങ്ങള്‍ നിരത്തി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ   ഹൈക്കോടതിയില്‍. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചെന്നും ഇടപാടിന്  പിണറായി അമിത താല്‍പര്യം കാണിച്ചെന്നും സിബിഐ ആരോപിച്ചു.  ലാവ് ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന  എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായിയുടേത് മാത്രമാണ്. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കണ്ടിട്ടുണ്ട്. എന്നിട്ടും പൂര്‍ണ നവീകരണത്തിന്  കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപണം ഉന്നയിക്കുന്നു. നിലനില്‍ക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.