ഹെഡ്സെറ്റ് പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

യുവാക്കള്‍ക്ക് ഏറ്റവും പ്രിയമായ ഒന്നാണ് ഹെഡ്ഫോണ്‍ , ഹെഡ് സെറ്റ് എന്നിവ. മിക്കവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന സമയം ഇതും കൂടെ കൊണ്ട് നടക്കുന്നവരാണ്. യാത്രാ വേളകളില്‍ പാട്ട് കേള്‍ക്കാനും വീഡിയോകള്‍ കാണാനും സംസാരിക്കാനും എല്ലാം ഇത് ഏവര്‍ക്കും ഉപകാരപ്രദമായ ഒന്നാണ്. എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം തലച്ചോറില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതുപോലെ കേള്‍വിശക്തിക്കും ഇവ ഹാനികാരകമാണ്. എന്നാല്‍ ഇവിടെ അതൊന്നുമല്ല വാര്‍ത്ത‍. ഹെഡ്ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിയായ യുവതിക്ക് പൊള്ളലേറ്റു.  ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണില്‍ പാട്ടുകേട്ട് മയങ്ങുകയായിരുന്നു യുവതി. മയക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ മുഖത്ത് പൊള്ളുന്നതുപോലെ  അനുഭവപ്പെട്ടെന്ന് യുവതി ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് ബ്യൂറോയോട് പറഞ്ഞു. ഹെഡ്ഫോണ്‍ ഊരി നിലത്തേക്ക് എറിഞ്ഞു. ആ സമയത്ത് ഹെഡ്ഫോണില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു എന്നും യുവതി പറയുന്നു. ഫ്ളൈറ്റിലുണ്ടായിരുന്നവര്‍ ഹെഡ്ഫോണില്‍ വെള്ളം ഒഴിക്കുകയും തുടര്‍ന്ന് ബാറ്ററിയും കവറും ഉരുകി നിലത്തൊട്ടിപ്പിടിക്കുകയും ചെയ്തു.  കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ ഇപ്പോഴാണ്‌ വിമാനകമ്പനി വാര്‍ത്ത‍ പുറത്തു വിടുന്നത്.