ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയ കേരളാ കോണ്ഗ്രസ് മാണി ഗ്രൂപ്പ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജൻ തൊടുകയ്ക്ക് മര്‍ദനം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിയമനത്തിന് 15 ലക്ഷം കോഴ ആവശ്യപ്പെട്ടു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേരളാ കോണ്ഗ്രസ് മാണി ഗ്രൂപ്പ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജൻ തൊടുകയ്ക്ക് ക്രൂര മര്‍ദനം . ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ബാങ്കില്‍ ഇന്ന് നടത്തുവന്നിരുന്ന കമ്മറ്റി മീറ്റിങ് അലങ്കോലപ്പെടുത്തിയത് . കമ്മറ്റി റൂമിനുള്ളിൽ പ്രവേശിച്ച ഇവര്‍ കസേരകൾ തല്ലിത്തകർക്കുകയും . ബാങ്കിന്റെ ബോർഡ് മെമ്പർ കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാജൻ തൊടുകയെ കസേര കൊണ്ട് മർദിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥിയോട് ഫോണിലൂടെ പണം ആവശ്യപ്പെടുന്ന ശബ്ദരേഖ എന്ന പേരിൽ ഓഡിയോ ക്ലിപ്പുകൾ വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട് . ബോര്‍ഡ് അംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, സാജന്‍ തൊടുക എന്നിവരുടെ ഫോണ്‍ സംഭാഷണം എന്ന പേരിലാണ് ഓഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
സംഭഷണത്തിൽ 15 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ത്ഥിയോട് ആവശ്യപ്പെടുന്നത്. 10 ലക്ഷം രൂപക്കാണെങ്കില്‍ ജോലി ഉറപ്പിക്കാനാവില്ലെന്നും ഓഡിയോയില്‍ പറയുന്നു. സുമേഷ് ആന്‍ഡ്രൂസ് ആണ് എല്ലാം കൈകാര്യം ചെയ്യുന്നതെന്നും പണം അദ്ദേഹത്തെ ഏല്‍പ്പിക്കാനും ഫോണ്‍ സന്ദേശത്തിലൂടെ നിര്‍ദ്ദേശിക്കുന്നത് സാജന്‍ തൊടുകയാണ് എന്നാണ് പറയപ്പെടുന്നത്. കെ.എം മാണിയുടെ സാന്നിദ്ധ്യത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും അതിനാല്‍ ഉടന്‍ പണം എത്തിക്കണമെന്നും ശബ്ദരേഖയിലുണ്ട്. ഈ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്നത്. എന്നാൽ ഏപ്രിൽ രണ്ടിന് നടക്കാനുള്ള തെരെഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുവാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നു ബാങ്ക് അധികൃതർ പറയുന്നു. നാളെയാണ് നോമിനേഷൻ സമർപ്പിക്കുവാനുള്ള തീയതി. അതിനാൽ ഇത് മനഃപൂർവം കെട്ടിച്ചമച്ച കഥയെണെന്നു അധികൃതർ പറയുന്നു. ഇന്നത്തെ മീറ്റിങ്ങിൽ ജോർഡിൻ കിഴക്കേത്തലക്കൽ, സുമേഷ് ആന്‍ഡ്രൂസ് എന്നിവർ പങ്കെടുത്തിരുന്നില്ല. ജോസ് സി കല്ലൂർ പ്രസിഡണ്ട് ആയ 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളാ കോണ്‍ഗ്രസിന് 10 അംഗങ്ങളാണുള്ളത്. പാര്‍ട്ടിയുടെ മേല്‍ഘടകവും അറിഞ്ഞുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളോട് പണം ആവശ്യപ്പെടുന്നത് എന്ന് വ്യക്തം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യില്‍നിന്നുപോലും കൈക്കൂലി ആവശ്യപ്പെടുന്ന ആഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.