കുഞ്ഞാപ്പയും പിണറായി സര്‍ക്കാരും; മധുവിധുവിന്റെ പത്ത് മാസക്കാലം


പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പിച്ചവെയ്ക്കുകയാണ്. മതേതര ചേരിയെ ശക്തിപ്പെടുത്താനാണെന്ന് മലപ്പുറത്തെ ലീഗ് പാണന്‍മാരും ദേശീയ പ്രസിഡന്റിനെക്കാള്‍ വലിയ പാണക്കാട്ടെ ഇമ്മണി ബല്യ പ്രസിഡന്റും പാടി നടക്കുന്നത്. കുഞ്ഞാപ്പയെ നാടുകടത്തിയെന്നും അതല്ല കുഞ്ഞാപ്പ നാടുവിടാന്‍ തീരുമാനിച്ചതെന്നും ശ്രുതി പരത്തുന്നവരും ഏറെ. കുഞ്ഞാപ്പയുടെ തീരുമാനം എന്താണ്. അത് മാത്രമാണ് ലീഗില്‍ നടന്നത്. ഇനിയും അത് മാത്രമേ നടക്കൂ. അതാണ് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ.

അപ്പോള്‍ പറഞ്ഞ് വരുന്നത് എന്തെന്നാല്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ് മന്ത്രിസഭ അധികാരം ഏറ്റനാള്‍ മുതല്‍ കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് കുഞ്ഞാപ്പയുടെ ലോകസഭ മോഹത്തെ മനസിലാവും. കഴിഞ്ഞ പത്തു മാസം നിയമസഭയിലും പുറത്തും പ്രതിപക്ഷത്തിന്റെ പ്രകടനം അതില്‍ ലീഗിന്റെ പങ്ക് പങ്കാളിത്തം എന്തായിരുന്നു.

സര്‍ക്കാരിനെ അടിക്കാന്‍ കിട്ടിയ വടിയൊന്നും ശരിയായി പ്രയോഗിച്ച് മര്‍മ്മത്ത് പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിനായോ? ആയില്ല ഇനി ആവുകയുമില്ല. സ്വാശ്രയ സമരവും പൊലീസ് പരാജയവും ബജറ്റ് ചോര്‍ച്ചയും ഏറ്റവും ഒടുവില്‍ മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര പോലീസ് വരെ. ഒരു വിഷയത്തിലും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനായില്ലെന്ന് മാത്രമല്ല വിട കൊടുത്ത് അടി തിരിച്ചു വാങ്ങിയെന്ന് തന്നെ പറയാം. ഈ പ്രശ്‌നങ്ങളില്‍ മുസ്ലിം ലീഗിന്റെ പ്രത്യേകിച്ച് കുഞ്ഞാലികുട്ടിയുടെ ഇടപെടല്‍ എത്തരത്തിലായിരുന്നു. ഭരണപക്ഷത്തെ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നോവിക്കുന്ന ഒന്നും പ്രതിപക്ഷ ഉപനേതാവില്‍ നിന്ന് ഉണ്ടായില്ല. അടിയന്തിര പ്രമേയങ്ങളില്‍ വാക്കൗട്ട് നടത്തുമ്പോള്‍ നിക്കണോ പോണോ എന്ന അവസ്ഥയിലായിരുന്നു കുഞ്ഞാപ്പ.

നിയമസഭയുടെ കാലാവധി തീരാന്‍ ഇനിയും നാല് വര്‍ഷം ബാക്കി നില്‍ക്കുന്നു. ഇവിടെ പിണറായി സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിക്കാവില്ല. ലീഗിനും. അത് കൊണ്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുക തന്നെ. അവിടാകുമ്പോള്‍ മോദിയെയും ഫാഷിസത്തെയും ശക്തിയായി എതിര്‍ക്കാം. ലീഗിന്റെ വളര്‍ച്ച ആസേതു ഹിമാചലം വളര്‍ത്താം. പുതിയ പുതിയ ബന്ധങ്ങള്‍ പടുത്തുയര്‍ത്താം. മോഹങ്ങള്‍ ഏറെയാണ്. നാല് വര്‍ഷം കഴിയുമ്പോള്‍ ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയെങ്കിലും ആയി തിരിച്ചു വരാം. അതിനിടയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ പോലുള്ള പാളയത്തിലെ ചേകോന്‍മാരെ ഒതുക്കുകയുമാവാം. കുഞ്ഞാപ്പ ഒന്നും കാണാതെ ഒന്നും ചെയ്യില്ല. അപ്പോള്‍ നാല് വര്‍ഷത്തേക്ക് പിണറായി വിജയനെ ദ്രോഹിക്കാന്‍ കുഞ്ഞാപ്പയില്ല…

വല്‍കഷണം: ദേശീയ അധ്യക്ഷനെ പാണക്കാട്ടിരുന്ന് സംസ്ഥാന അധ്യക്ഷന്‍ നിയന്ത്രിക്കുന്ന പാര്‍ട്ടി കടലോളം വളരാന്‍ പോകുകയാണ്. രാജ്യത്തെ മുസ്ലിം ദലിത് പിന്നാക്ക ജനതയ്ക്കിനി എന്നും ബാരിയാണി തന്നെ. കോയി ബിരിയാണിയല്ല നല്ല ആട് ബിരിയാണി!