പൊന്നമ്പലമേട്ടില്‍ ക്ഷേത്രം: പ്രായാറിനെതിരെ കടകംപള്ളിയുടെ പൂഴിക്കടകന്‍

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ കണ്ടു. ഒരേക്കര്‍ വനഭൂമി ഇതിനായി വിട്ടുനല്‍കണമെന്ന് വനം-പരിസ്ഥിതി മന്ത്രാലയത്തിനോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ പൂങ്കാവനം എന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെട്ട വനഭൂമി അറിയപ്പെടുന്നത്. അയ്യപ്പഭക്തര്‍ പരിപാവനമായി കാണുന്നതാണ് ആ പൂങ്കാവനം. അതിന്റെ ഭാഗമായ പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം പണിയുമെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ആരാണ് ചുമതലപ്പെടുത്തിയത്. ആ കാട് വെട്ടിത്തെളിച്ച് അവിടെ ഒരേക്കര്‍ സ്ഥലത്ത് അമ്പലം പണിയുമെന്ന് പറയുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, അവിടെ ആരാധന അനുവദിക്കില്ലെന്ന വ്യവസ്ഥ ചെയ്യുമെന്നും അവകാശപ്പെടുന്നു. അപ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് പുതിയ ക്ഷേത്രം.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും കാലത്ത് അങ്ങനെയൊരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഞാന്‍ അന്വേഷിച്ചു. ഒരു കാലത്തും അങ്ങനെയൊരു ക്ഷേത്രം പൊന്നമ്പലമേട്ടില്‍ ഉണ്ടായിരുന്നില്ലെന്നും, ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യവും പവിത്രതയും നശിപ്പിക്കുന്ന തരത്തില്‍ ഒരു പുതിയ ക്ഷേത്രം പണിയുന്നത് ആചാരവിരുദ്ധമാണെന്നും പന്തളം രാജകുടുംബം വ്യക്തമാക്കി.

1950 ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം നിലവിലെ ആചാരക്രമങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല. തോന്നുന്ന പോലെ ക്ഷേത്രനിര്‍മ്മാണത്തിനെന്ന പേരില്‍ വനഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയയ്ക്കാന്‍ ആരാണവരെ ചുമതലപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ സംസ്ഥാനത്തെ വനഭൂമി അനുവദിക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാന്‍ നിയമപരമായി എന്ത് അധികാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഉള്ളത് ?

രാഷ്ട്രീയ നിയമനം നേടി എത്തിയ ബോര്‍ഡ് പ്രസിഡന്റ് എങ്ങനെയാണ് ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുക. ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ പേര് സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ പോലെ പുതിയ വിഗ്രഹവും പ്രതിഷ്ഠിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ?

കടകംപള്ളി സുരേന്ദ്രന്‍
ദേവസ്വം മന്ത്രി