സ്വന്തം മക്കളെ വീട്ടില്‍ നിന്നും അടിച്ചിറക്കുവാന്‍ മാതാപിതാകള്‍ക്ക് അവകാശം ; സ്വത്തും പണവും കിട്ടില്ല ; ഡല്‍ഹി കോടതിയുടെ വിധി

ന്യൂഡല്‍ഹി : മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കള്‍ക്ക് മുട്ടന്‍ പണി വരുന്നു. ഡല്‍ഹി കോടതിയാണ് വിഷയത്തില്‍ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മോശം പെരുമാറ്റമുള്ള കുട്ടികളെ വീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അതുമാത്രമല്ല പുറത്താക്കിയ കുട്ടികള്‍ക്ക് പിന്നീട് മാതാപിതാക്കളുടെ സ്വത്തിലും അവകാശമുണ്ടാകില്ല എന്നും കോടതി പറയുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാനമായ പരാമര്‍ശം. ജസ്റ്റിസ് മന്‍മോഹനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന പൗന്‍മാരുടെ ക്ഷേമത്തിനായി 2007ല്‍ കൊണ്ടുവന്ന ‘മെയ്ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ നിയമത്തെ’ പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് മന്‍മോഹന്‍ സുപ്രധാനമായ നിരീക്ഷണം നടത്തിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും, രക്ഷിതാക്കള്‍ക്കും മക്കളില്‍നിന്നും അധിക്ഷേപവും പീഡനങ്ങളും ഒഴിവാക്കാനാണ് ഇത്തരം നിയമങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ മക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചെത്തിയാല്‍ തെളിവുകളില്ലാതെ തന്നെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വന്തം പേരിലുള്ള വീട്ടില്‍ നിന്ന് മാത്രമേ മാതാപിതാക്കള്‍ക്ക് മക്കളെ പുറത്താക്കാന്‍ സാധിക്കുള്ളൂ എന്നത് ഡല്‍ഹി സര്‍ക്കാരിന്റെ നിയമ മായിരുന്നുവെന്നും, എന്നാല്‍ ഈ നിയമം എല്ലാ മാതാപിതാക്കള്‍ക്കും വേണ്ട രീതിയില്‍ സംരക്ഷണം നല്‍കുന്നില്ലെന്നും കോടതി കണ്ടെത്തി.