മിഷേലിന്റെ സ്വഭാവദൂഷ്യം തുറന്നുകാട്ടി പോലീസും ചില ഓണ്‍ലൈന്‍ മീഡിയകളും ; കുടുംബവും പ്രതിക്കൂട്ടില്‍ ;വാര്‍ത്തകള്‍ക്ക് പിന്നില്‍ ആര്

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജിക്ക് നീതി ലഭിക്കണം എന്ന് കാട്ടി വന്‍ പ്രതിഷേധമാണ് നാട് മുഴുവന്‍ നടന്നുവരുന്നത്. സോഷ്യല്‍ മീഡിയയും സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. മിഷേലിന്റെ കാമുകന്‍ എന്ന് പറയപ്പെടുന്ന യുവാവ് പോലീസ് പിടിയില്‍ ആയി എങ്കിലും. പ്രതിഷേധങ്ങള്‍  ഇതുവരെ അടങ്ങിയിട്ടില്ല. കേസ് അട്ടിമറിക്കാന്‍ പോലീസ് കൂട്ട് നില്‍ക്കുന്നു എന്ന ആരോപണം ഉയര്‍ന്നു നില്‍ക്കുന്ന സമയം തന്നെ മിഷേലിന്റെ സ്വഭാവം ശരിയായിരുന്നില്ല എന്ന പേരില്‍ ചില ഓണ്‍ലൈന്‍ മീഡിയകള്‍ വാര്‍ത്തകള്‍ നല്‍കുകയാണ് ഇപ്പോള്‍. ചില പോലീസുകാര്‍ നല്‍കിയ മൊഴി അല്ലെങ്കില്‍ വിവരം എന്ന പേരിലാണ് ചില തട്ടിക്കൂട്ട് മീഡിയകള്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. കാശ് വാങ്ങി വാര്‍ത്ത‍ നല്‍കുന്നതില്‍ ഏറ്റവും പേര് കേട്ട ചില ഓണ്‍ലൈന്‍ പത്രങ്ങളും ഇവയില്‍ പെടുന്നു. നാട്ടില്‍ ഇപ്പോള്‍ നടന്നുവരുന്ന പല ക്രൂരതകള്‍ക്കും കുടപിടിക്കുന്ന അവരെ ന്യായീകരിച്ചു ലേഖനങ്ങളും വാര്‍ത്തകളും നല്‍കുക ഇവരുടെ ഒരു വരുമാനമാര്‍ഗ്ഗമാണ് എന്ന് വേണമെങ്കില്‍ പറയാം. മരിച്ച ഒരു വ്യക്തിക്ക് നല്‍കേണ്ട സാമാന്യ പരിഗണന പോലും നല്‍കാതെയാണ് ഇവര്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. മിഷേലിന്റെ ഫോണില്‍ മുഴുവന്‍ അശ്ലീല ദൃശ്യങ്ങള്‍ ആയിരുന്നു എന്ന് അവര്‍ പറയുന്നു. അവളുടെ ജിവിത രീതികള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു എന്നുംഫോണില്‍ മുഴുവന്‍ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ആയിരുന്നുവെന്നും അതൊക്കെ മിഷേലിന്റെ വീട്ടുകാര്‍ കണ്ടാല്‍ അവര്‍ നെഞ്ചുപൊട്ടി മരിക്കും എന്നും പത്രം തട്ടിവിടുന്നു. മരിച്ച കുട്ടിയെ വീണ്ടും നാണംകെടുത്തണ്ട എന്ന് കരുതിയാണ് പോലീസ് കേസ് ആത്മഹത്യ തന്നെയാണ് എന്ന പേരില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നും പറയപ്പെടുന്നു. കേസില്‍ പോലീസിനു വീഴ്ച്ച പറ്റിയിട്ടില്ല എന്നും കുട്ടിയെ കാണാതായ അന്ന് അച്ഛന്‍ ഷാജി പരാതിയുമായി വന്നപ്പോള്‍ തന്നെ പോലീസിനു കാര്യം മനസിലായി എന്നും കൊച്ചിയില്‍ സര്‍വ്വസാധാരണമായ ഒന്നാണ് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വഴിത്തെറ്റി മോശം കൂട്ട്കെട്ടുകളില്‍ പോയി വീഴുന്നത് എന്ന കണ്ടെത്തലും പത്രം നടത്തുന്നു.

എല്ലാത്തിനും കാരണക്കാരന്‍ ക്രോണ്‍ ആണെന്നും അയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ബാക്കി വിവരങ്ങള്‍ കണ്ടെത്താം എന്നും പത്രം പറയുന്നു.അതേസമയം മരിച്ച ദിവസം അമ്മയെ മിഷേല്‍ പല വട്ടം ഫോണില്‍ വിളിച്ചിരുന്നു എന്നും മിഷേലിന്റെ ഫോണ്‍വിളി അനുസരിച്ച് അമ്മ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നാ പെണ്‍കുട്ടി ജീവനോടെ ഇരുന്നേനെ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാണാതായ ദിവസം രണ്ട് തവണയാണ് മിഷേല്‍ വീട്ടിലേക്ക് വിളിച്ചത്. രാവിലെ 7.28നും ഉച്ച കഴിഞ്ഞ് 2.50നും മിഷേല്‍ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ചു. അമ്മയെ കാണണമെന്നും എറണാകുളത്തിന് വരണമെന്നും മിഷേല്‍ ഫോണില്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ വാശി പിടിക്കുന്നതില്‍ മിഷേലിന്റെ അമ്മയ്ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതുകൊണ്ടുതന്നെ മിഷേലിനെ കാണാന്‍ വീട്ടില്‍ നിന്നും ആരും എറണാകുളത്തേക്ക് ചെന്നതുമില്ല. കടുത്ത മാനസിക സമ്മര്‍ദം താങ്ങാതെയാവും മിഷേല്‍ അമ്മയെ കാണാന്‍ ആവശ്യപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്.  അന്ന് മിഷേലിനെ കാണാന്‍ വീട്ടുകാര്‍ ചെന്നിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ ചിലപ്പോള്‍ സാധിക്കുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാനസിക സമ്മര്‍ദം താങ്ങാതെ മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് വാദിക്കുന്നത്.