എന്താണ് പോക്‌സോ? എല്ലാ പൗരന്മാരും ഇതറിയണം!


(The Protection of Children From Sexual Offences Act 2012)
ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012!
18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും എല്ലാ വിധമായ ലൈംഗികാതിക്രമത്തില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
പോക്‌സോ അക്രമം ചെയ്യാനുള്ള അഭിവാഞ്ചയെപ്പോലും കുറ്റമായി കാണുന്നു.
കുട്ടികള്‍ക്ക് അന്യപ്രേരണ കൂടാതെ തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനുള്ള സൌഹാര്‍ദ്ദപരമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പോക്‌സോയുടെ മറ്റൊരു ലക്ഷ്യം.
കുറ്റകൃത്യങ്ങളും ശിക്ഷാനടപടികളും
1.അകത്തു പ്രവേശിപ്പിച്ചുള്ള ലൈംഗികാതിക്രമം – 7 വര്‍ഷത്തില്‍ കുറയാത്ത, ജീവപര്യന്തം വരെ ആകാവുന്ന കഠിനതടവും പിഴയും.
2.ഉന്നത സ്ഥാനീയര്‍ പോലീസ് ഓഫീസര്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ അധ്യാപകര്‍ മത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ നടത്തുന്ന ലൈംഗികാതിക്രമം – 10 വര്‍ഷത്തില്‍ കുറയാത്ത, ജീവപര്യന്തം വരെ ആകാവുന്ന കഠിനതടവും പിഴയും.
3.അകത്തോട്ടു കയറ്റാതെയുള്ള സ്പര്‍ശനം, തലോടല്‍ തുടങ്ങിയ ശാരീരിക സമ്പര്‍ക്കം – 3 – 5 വര്‍ഷം കഠിനതടവും പിഴയും.
4.ഉന്നത സ്ഥാനീയര്‍, പോലീസ് ഓഫീസര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, അധ്യാപകര്‍, മത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ നടത്തുന്ന അകത്തോട്ടു കയറ്റാതെയുള്ള സ്പര്‍ശനം, തലോടല്‍ തുടങ്ങിയ ശാരീരിക സമ്പര്‍ക്കം – 5 – 7 വര്‍ഷം കഠിനതടവും പിഴയും.
5.ലൈംഗികച്ചുവയുള്ള സംസാരം, ഗുഹ്യഭാഗങ്ങള്‍ കുട്ടികള്‍ക്കു പ്രദര്‍ശിപ്പിക്കുക – 3 വര്‍ഷം കഠിനതടവും പിഴയും.
6.ഇലക്ട്രോണിക് മീഡിയകളില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളോ നിര്‍ബന്ധിത ലൈംഗികപ്രവര്‍ത്തികളോ പകര്‍ത്തുക അതുപയോഗിച്ച് ഭീഷണിപ്പെടുത്തുക – 5 – 7 വര്‍ഷം കഠിനതടവും പിഴയും.
7.അശ്ലീല ചിത്രങ്ങള്‍ കുട്ടികള്‍ക്കു കാണിക്കുക, ശേഖരിക്കുക – 3 വര്‍ഷം
കുറ്റം അതീവ ഗുരുതരമാകുന്നതെപ്പോള്‍?
1.പോലീസ് ഓഫീസര്‍, സൈന്യത്തിലേയോ മറ്റോ ഉദ്യോഗസ്ഥര്‍ ചെയ്താല്‍
2.കുട്ടിയുടെ വിശ്വാസപാത്രമായ സംരക്ഷകന്‍ ചെയ്താല്‍
3.ജയില്‍, റിമാന്‍ഡ് ഹോം തുടങ്ങി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍/ജീവനക്കാര്‍ ചെയ്താല്‍
4.സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഉദ്യോഗസ്ഥര്‍/ജീവനക്കാര്‍ ചെയ്താല്‍
5.സ്‌കൂളുകളിലെ മതസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍/ജീവനക്കാര്‍ ചെയ്താല്‍
6.ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ചെയ്താല്‍
7.മാരകായുധങ്ങള്‍ ഉപയോഗിച്ചാല്‍
8.അതിക്രമത്തിലൂടെ ശാരീരിക മാനസിക വൈകല്യങ്ങളുണ്ടായാല്‍
9.കുട്ടി ഗര്‍ഭിണിയായാല്‍
10.കുട്ടിക്ക് HIV ഉണ്ടായാല്‍
11. ഒന്നിലധകമോ തുടര്‍ച്ചയായോ പീഡനത്തിനിരയായാല്‍
രഹസ്യ സ്വഭാവം സൂക്ഷിക്കല്‍
1.കേസിന്റെ പ്രാരംഭം മുതല്‍ക്കു തന്നെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതാണ്
2.കുട്ടിയെ തിരിച്ചറിയാനുള്ള വിലാസം, ഫോട്ടോ, അയല്‍വാസിയുടെ അഡ്രസ് തുടങ്ങിയവ യാതൊരു തരത്തിലും പുറത്തുവിടാന്‍ പാടുള്ളതല്ല.
(എന്നാല്‍ ലക്ഷദ്വീപു പോലുള്ള ചെറിയ പ്രദേശത്ത് എല്ലാരും അങ്ങോട്ടുമിങ്ങോട്ടും നല്ലവണ്ണം അരിയുന്ന സാഹചര്യത്തില്‍ രഹസ്യസ്വഭാവം എത്രത്തോളം സൂക്ഷിക്കാന്‍ പറ്റും എന്നറിയില്ല.)
3.പ്രതിയും കുട്ടിയും ഒരിക്കലും കാണാനിടവരരുത്
4.പൊതുമാധ്യമങ്ങളില്‍ കുട്ടിയെ തിരിച്ചറിയത്തക്കവിധമുള്ള ഒരു വാര്‍ത്തയും വരാന്‍ പാടില്ല
5.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള കേസ് ചര്‍ച്ചകളിലും രഹസ്യസ്വഭാവം വേണം
6.ഫയലുകളും കേസു ഷീറ്റുകളും അതാത് പ്രവര്‍ത്തകരുടെ കൈകളിലും നീതിപീഠത്തിലെയും പോലീസിലെയും ഉന്നതരുടെ ശ്രദ്ധയിലുമായിരിക്കണം
കേസു റിപ്പോര്‍ട്ട് ചെയ്യലും മൊഴി രേഖപ്പെടുത്തലും
1.ഇരയായ കുട്ടിക്ക് അടിയന്തിരമായി 24 മണിക്കൂറിനുള്ള ആവശ്യമായ പരിചരണവും സംരക്ഷണവും നല്‍കണം
2.കുട്ടിയുടെ വീട്ടില്‍ വെച്ചോ കുട്ടിയുടെ താല്പര്യത്തിനനുസരിച്ചുള്ള സ്ഥലത്തു വെച്ചോ മൊഴി രേഖപ്പെടുത്തണം
3.കഴിയുന്നതും SI റാങ്കില്‍ കുറയാത്ത വനിതാപോലീസ് ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്.
4.കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ പോലീസ് ഓഫീസര്‍ യൂണിഫോം ധരിക്കാന്‍ പാടില്ല.
5.പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുവാനോ രാത്രികാലങ്ങളില്‍ അവിടെ തടഞ്ഞുനിര്‍ത്തുവാനോ പാടില്ല.
6.കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെയോ വിശ്വസ്ഥരുടെയോ സാന്നിദ്ധ്യം വേണം
7.കേസ് വിസ്താര സമയത്ത് ഇടയ്ക്കിടെ നിറുത്തിക്കൊടുക്കുക
8.കുട്ടിയെ ഇടയ്ക്കിടെ സാക്ഷിവിസ്താരത്തിനു വിളിക്കാതിരിക്കുക
9.കുട്ടികള്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക
10. കൈകൊണ്ട നടപടികളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുക…..
http://indiacode.nic.in/amendmentacts2012/The%20Protection%20of%20Children%20From%20Sexual%20Offences%20Act.pdf
തയ്യാറാക്കിയത് :ഡോ. അലി..
കടപ്പാട് Divya Geeth