ബിജെപിയുടെ വിജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും മുസ്ലീംങ്ങള്‍ പുറത്തുപോകണം എന്ന് പോസ്റ്ററുകള്‍
ബറേലി : ബിജെപിയുടെ വമ്പന്‍ ജയത്തിനു പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിന്നും മുസ്ലീംങ്ങള്‍ ഒഴിഞ്ഞുപോകണം എന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. ബറേലിയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ് നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വന്‍ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം അവസാനം വരെ ഗ്രാമത്തിലെ മുസ്ലിംകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നല്‍കുകയാണെന്നും അതിന്ശേഷവും തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ രക്ഷാധികാരിയായി ഒരു ബി.ജെ.പി എം.പിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രാമവാസികള്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഒട്ടുമിക്ക പോസ്റ്ററുകളും നീക്കം ചെയ്തിട്ടുണ്ടെങ്കിലും അവരുടെ കണ്ണില്‍ പെടാത്ത ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമവാസികളായ അഞ്ച് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവവും ഇതുവരെ തങ്ങളുടെ ഗ്രാമത്തില്‍ കേട്ടിട്ടേയില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എല്ലാ വിഭാഗക്കാര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ തുടര്‍ച്ച എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജയ് ശ്രീ റാം എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ അമേരിക്കയില്‍ ട്രംപ് ചെയ്യുന്നത് ഇനി ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലെ ഹിന്ദുക്കളും ചെയ്തു തുടങ്ങുമെന്നാണ് പ്രധാന ഭീഷണി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.