വ്യാപകമായ പരാതി ; വാട്സ് ആപ്പില്‍ ടെക്സ്റ്റ്‌ സ്റ്റാറ്റസ് തിരിച്ചു വരുന്നു

പഴമയെ ഇഷ്ട്ടപ്പെടുന്നവരാണ്‌ നമ്മളില്‍ കൂടുതല്‍ പേരും എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും പഴയ കാര്യങ്ങള്‍ അത്രപെട്ടന്നു നമ്മളെ വിട്ടു പോകില്ല. അതുകൊണ്ടുതന്നെയാകാം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാട്സ് ആപ്പില്‍ പുതിയ പരിഷ്കാരങ്ങള്‍ കമ്പനി നടപ്പിലാക്കിയപ്പോള്‍ പലരും അതിനെതിരെ രംഗത്ത് വന്നത്. വാട്സ് ആപ്പില്‍ പുതിയ അപ്‌ഡേറ്റില്‍ നഷ്ടമായ ടെക്‌സ്റ്റ് സ്റ്റാറ്റസ് വാട്‌സ്ആപ്പ് തിരികെ കൊണ്ടുവരുന്നു. ടെക്‌സ്റ്റ് സ്റ്റാറ്റസ് ഇല്ലാതായതില്‍ ഉപയോക്താക്കളില്‍ നിന്നും ഉയര്‍ന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്‌ ഈ നടപടി. കഴിഞ്ഞ മാസത്തെ അപ്‌ഡേറ്റിലാണ് വാട്‌സാപ്പിന്റെ മുഖച്ഛായ മാറ്റിയ പരിഷ്‌കാരം ഉണ്ടായത്. ടെക്‌സ്റ്റ് സ്റ്റാറ്റസ് മാറ്റി പകരം ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. സ്റ്റാറ്റസിനായി പ്രത്യേക ടാബും നല്‍കി. എന്നാല്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഈ പുതിയ പരിഷ്കാരങ്ങള്‍ സ്വീകരിചുള്ളൂ. പലര്‍ക്കും ആ പഴയ രൂപം തന്നെയായിരുന്നു ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ അവരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് അടുത്ത ആഴ്ചയോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് തിരികെ കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അതേസമയം, പുതിയ അപ്‌ഡേറ്റില്‍ വന്ന ഇമേജ്, വീഡിയോ സ്റ്റാറ്റസ് ഒഴിവാക്കില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് അവരിപ്പോള്‍.