വരള്‍ച്ചയിലും കേരളത്തിലെ സ്വകാര്യ കമ്പനികള്‍ പ്രതിദിനം ഊറ്റുന്നത് 14 ലക്ഷം ലിറ്റര്‍ വെള്ളം

കണ്ണൂര്‍: സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സമയത്തും സ്വകാര്യ കമ്പനികള്‍ പ്രതിദിനം ഊറ്റുന്നത് 14 ലക്ഷം ലിറ്റര്‍ വെള്ളമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ അനുമതിയോടെയാണ് പ്രതിദിനം ഇത്രമാത്രം ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നത് . സംസ്ഥാന ഭൂഗര്‍ഭജല അതോറിറ്റിയുടെ അനുമതിയോടെ മാത്രം സംസ്ഥാനത്തെ 102 ഇടങ്ങളില്‍ നിന്നായാണ് 115 കമ്പനികള്‍ നിത്യേന ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഊറ്റിയെടുക്കുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 13,47,000 ലിറ്ററിലധികം ജലമാണ് നിത്യേന കുപ്പിവെള്ളത്തിനായി ശേഖരിക്കുന്നത്. മലയാളി ദിവസവും കുപ്പിവെള്ളത്തിനായി ഏഴ് കോടിയോളം രൂപ മുടക്കുന്നതായാണ് ഏകദേശ കണക്ക്. പ്രധാനമായും അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ എന്നിങ്ങനെയാണ് സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ള വില്‍പ്പന. കൂടാതെ ഓഫീസുകളിലും മറ്റും ഇരുപത് ലിറ്ററിന്റെ ജാറിലും വെള്ളമെത്തിക്കും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏഴ് രൂപയോളമാണ് ശരാശരി നിര്‍മാണച്ചെലവ്. എന്നാല്‍, ഇത് ചില്ലറ വില്‍പ്പനശാലയിലെത്തുമ്പോള്‍ ഇരുപത് രൂപയാണ് വില. ഇത്തരത്തില്‍ വന്‍ലാഭം കുപ്പിവെള്ള വിപണിയിലുള്ളതിനാല്‍ നിരവധി കമ്പനികളാണ് ഓരോ വര്‍ഷവും മുളച്ചു പൊന്തുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജല ശോഷണം അനുഭവപ്പെടുന്ന പാലക്കാട്, കാസര്‍കോട് ജില്ലകളിലടക്കം സര്‍ക്കാര്‍ അനുമതിയോടെ നിരവധി കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ആലപ്പുഴ, വയനാട് ജില്ലകളൊഴിച്ച് മറ്റെല്ലാ ജില്ലകളില്‍ നിന്നും കുപ്പിവെള്ളത്തിനായി വലിയ അളവിലാണ് സ്വകാര്യ കമ്പനികള്‍ ജലശേഖരണം നടത്തുന്നത്. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം ജലം കുപ്പിവെള്ള വിപണിയിലേക്കായി ഒഴുകുന്നത്. ജില്ലയിലെ 22 ഇടങ്ങളില്‍ നിന്നായി ഭൂജല വകുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 3,52,000 ലിറ്റര്‍ ജലമാണ് നിത്യേന കുപ്പിവെള്ളമായി പരിണമിക്കുന്നത്. എറണാകുളം ജില്ലയിലെ നഗരപരിസരത്ത് നിന്നുള്‍പ്പെടെ ഇത്തരത്തില്‍ കമ്പനികള്‍ വെള്ളം ശേഖരിക്കുന്നുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളും ഇവിടെ നിരവധിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരവും ഐ എസ് ഐ മുദ്രയുമില്ലാത്ത വ്യാജ കമ്പനികളുടെ എണ്ണം ഇവിടെ ഏറെയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.എറണാകുളത്തിനു പിറകെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് കുപ്പിവെള്ള കമ്പനികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയില്‍ പന്ത്രണ്ടും പാലക്കാട് പതിനൊന്നും സ്വകാര്യ കുപ്പിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പത്തിടങ്ങളിലും കൊല്ലത്ത് ഒമ്പതിടങ്ങളിലുമായാണ് വെള്ളം ഊറ്റിയെടുക്കുന്നുത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് ജലശേഖരണമെന്നും (14,000 ലിറ്റര്‍) ജല അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.