ബാങ്ക് നിയമനത്തിന് കോഴ ; മാണിഗ്രൂപ്പിൽ പടപുറപ്പാടിനൊരുങ്ങി പഴയ ജോസഫ് ഗ്രൂപ്പ് വിഭാഗം
കാഞ്ഞിരപ്പള്ളി : നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിയെ മുഖ്യമന്തിയും, ബദ്ധശത്രുവായ പി സി ജോർജ്ജ് ഉൾപ്പെടെ അനുമോദിച്ച അന്ന് തന്നെ, പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെയുള്ളവർ ബാങ്ക് നിയമനത്തിൽ 15 ലക്ഷം രൂപ കോഴ ആവശ്യപെടുന്ന ശബ്‌ദരേഖ പുറത്തുവന്നത് മാണി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് നേതൃസ്ഥാനങ്ങളിൽ ജോസ് കെ മാണി എം.പി. യുടെ പ്രതിനിധികളായി ഔദ്യോഗിക പക്ഷത്ത് നിലകൊള്ളുന്നവര്‍ക്ക് എതിരെ ആഞ്ഞടിക്കാൻ ഒരുങ്ങുകയാണ് പഴയ ജോസഫ് ഗ്രൂപ്പ് വിഭാഗം. കേരളാ കൺഗ്രസ്സ് മാണി വിഭാഗത്തിന്റെ മുൻ പഞ്ചായത്തു പ്രസിഡന്റും ഇപ്പോൾ ബാങ്കിൽ ബോർഡ് മെമ്പർ കൂടിയായ സാജൻ തൊടുകയിൽ ജോസ് കെ മാണിയുടെ നോമിനിയായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റാകാൻ തയ്യാറെടുക്കുമ്പോഴാണ് അഴിമതി കഥകൾ പുറത്തുവന്നത്. ബാങ്കിൽ നിയമനത്തിനായി 15 ലക്ഷം കോഴയായി ആവശ്യപെടുന്നതിനൊപ്പം മാണിസാറാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത് എന്നും ഉറപ്പ് നൽകുന്നത് കേൾക്കാം. ഇത്രയെല്ലാം പുറത്തുവന്നിട്ടും ഇവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിക്കുന്നു എന്ന ആരോപണമാണ് ജോസഫ് വിഭാഗം ഉയർത്തുന്നത്.
മാർച്ച് 15 ന് ബാങ്കിലേക്ക് മാർച്ച് നടത്തിയ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ സാജൻ തൊടുകയിലിനെ ആക്രമിക്കുകയും ഇന്നലെ പി സി ജോർജ്ജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം പ്രവർത്തകർ സാജൻ തൊടുകയിലിനെ ബാങ്കിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തുകയും ചെയ്തു. പ്രതിഷേധം മുന്നിൽ കണ്ട് പൂട്ടിയിട്ടിരുന്ന ബാങ്കിന്റെ ഗേറ്റ് പൊളിച്ച് മാറ്റി പ്രതിഷേധക്കാർ ബാങ്കിന്റെ ഷട്ടർ താഴിട്ടുപൂട്ടി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇത്രെയെല്ലാം കോലാഹലങ്ങൾ ഉണ്ടായിട്ടും ഇയാളെ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം ആഞ്ഞടിക്കുന്നത്. അങ്ങനെ സാജൻ തൊടുകയിലിനെ പുറത്താക്കി യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി തങ്ങളുടെ നോമിനിയെ കൊണ്ട്‌വരാനുള്ള തന്ത്രങ്ങളാണ് ജോസഫ് വിഭാഗം പയറ്റുന്നത്.