മിഷേലിന്റെ മരണം പ്രതിയെ എന്ത് വിലകൊടുത്തും രക്ഷിക്കുമെന്ന് വെല്ലുവിളിയുമായി യുവാവിന്‍റെ വീഡിയോ
മിഷേലിന് നീതി ലഭിക്കണം എന്ന ആവശ്യവുമായി ഒരു നാട് തന്നെ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ദിവസം പത്താകുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് പറയുന്നുണ്ട് എങ്കിലും കേസില്‍ ഇപ്പോഴും ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ കേസ് വഴിതിരിച്ചുവിടാനും സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനും പറ്റിയ കൈപ്പിഴ മറയ്ക്കുവാനും വേണ്ടി ഒന്ന് രണ്ടു ദിവസമായി മിഷേലിനും കുടുംബത്തിനും എതിരെ വാര്‍ത്തകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. ആരാണ് ഇതിനു പിന്നില്‍ എന്ന് വ്യക്തമല്ല എങ്കിലും കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കുവാന്‍ വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് മിഷേലിന്റെ മരണത്തിനു കാരണക്കാരായവരെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന് ഒരു യുവാവിന്‍റെ വീഡിയോ ക്ലിപ്പും ആഡിയോയും പുറത്തിറങ്ങിയിരിക്കുന്നത്. ആല്‍ബിച്ചന്‍ മുരിങ്ങയില്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പ്രചരിക്കുന്നത്. സെള്‍ഫി വീഡിയോയില്‍ എന്ത് വിലകൊടുത്തും മിഷേല്‍ കേസിലെ പ്രതിയെ രക്ഷപ്പെടുത്തുമെന്ന് ഇയാള്‍ പറയുന്നു. സ്വയം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ തങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മിഷേലിനെ പീഡിപ്പിച്ച പയ്യനെ സുഖമായിട്ട് പുറത്തിറക്കുമെന്ന് വീഡിയോയില്‍ പറയുന്നു. ഹാഷ് ടാഗ് ഇട്ട് നടന്നത് കൊണ്ട് ഒന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും ഇയാള്‍ പറയുന്നു.ഹ്യൂമന്‍ റൈറ്റ്‌സ് എന്താണെന്ന് അറിയുമോ എന്ന് ചോദിക്കുന്ന ഇയാള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുമെന്നും പറയുന്നു. ആദ്യത്തെ വീഡിയോ കൂടാതെ മറ്റൊരു വീഡിയോയും ഇതേ കാര്യം പറഞ്ഞുകൊണ്ട് ഇയാള്‍ തന്റെ പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രതി ആരായാലും ഇറക്കിയിരിക്കുമെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു. ജസ്റ്റിസ് ഫോര്‍ മിഷേലിന് പകരമായി ജസ്റ്റിസ് ഫോര്‍ ക്രോണിന്‍ എന്ന ഹാഷ്ടാഗും ഇയാളുകെ വകയായിട്ടുണ്ട്. ആദ്യ വീഡിയോകളില്‍ താന്‍ ചെന്നൈയിലാണ് എന്ന് പറയുന്ന ഇയാള്‍ അവസാനമായി പുറത്തിറക്കിയ വീഡിയോയില്‍ താന്‍ കൊച്ചിയിലുണ്ടെന്നും തന്നെ കൊല്ലേണ്ടവര്‍ക്ക് ഇവിടേയ്ക്ക് വരാമെന്നും എല്ലാവരെയും വെല്ലുവിളിക്കുന്നുമുണ്ട്. അതേസമയം താന്‍ ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകനല്ല എന്നും സ്വന്തമായി താന്‍ ഒരു പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട് എന്നും ഇയാള്‍ പറയുന്നുണ്ട്. പാര്‍ട്ടിയില്‍ ആളെകയറ്റാനും അതിനെ പറ്റി ജനങ്ങള്‍ക്ക് ഇടയില്‍ അറിയപ്പെടാനുമാകാം ഇയാള്‍ ഇത്തരത്തില്‍ വീഡിയോകള്‍ പടച്ചുവിടുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.