ആ രഹസ്യം പുറത്തായി: ഗഡ്കരി ഉണര്‍ന്നിരുന്നു; ഉറങ്ങിയ കോണ്‍ഗ്രസ് ഉണര്‍ന്നപ്പോള്‍ ഗോവയില്‍ കാവിക്കൊടി പാറി
മുംബൈ: സമയം വിലപ്പെട്ടതാണ്. തീരുമാനങ്ങളും. ഉറങ്ങി പോയ കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയപ്പോള്‍ ഉറക്കം നഷ്ടപ്പെടുത്തിയ ബി.ജെ.പി നേടി. ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബി.ജെ.പി അധികാരം പിടിച്ചത് ഉറക്കം നഷ്ടപ്പെടുത്തിയാണ്. കുറവ് സീറ്റ് കിട്ടിയിട്ടും ഗോവയില്‍ ബി.ജെ.പി അധികാരം പിടിച്ചതിന്റെ രഹസ്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് മാനേജ്മെന്റ് വിദ്യാര്‍ഥികളോട് വെളിപ്പെടുത്തിയത്.
എല്ലാ രഹസ്യങ്ങളും മന്ത്രി പറഞ്ഞില്ലെങ്കിലും തീരുമാനം ഉടന്‍ എടുക്കുന്നതിലും വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറുന്നതിലും കാണിച്ച മാനേജ്മെന്റ് വൈദഗ്ധ്യമാണ് ഗോവ ഓപ്പറേഷന്‍ വിജയിപ്പിച്ചതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. മുംബയിലെ വെല്ലിങ്കര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളോട് ആശയവിനിമയം നടത്തവേയാണ് ഗഡ്കരി ബി.ജെ.പിയുടെ തന്ത്രം വെളിപ്പെടുത്തിയത്.
ഗോവയിലെ ബി.ജെ.പിയുടെ നിരീക്ഷകനായിരുന്നു ഗഡ്കരി. ഫലപ്രഖ്യാപനം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത നിമിഷം ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ ഫോണ്‍ ഗഡ്കരിക്ക്. ഉടന്‍ നേരില്‍ കണ്ട് സംസാരിക്കണമെന്നായിരുന്നു സന്ദേശം. ഗഡ്കരി അമിത് ഷായുടെ വസതിയിലെത്തി. രാത്രി 7 മണി. നമുക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നമ്പര്‍ ഇല്ല എന്ന ഗഡ്കരിയുടെ അറിയിപ്പിന് അമിത് ഷായുടെ മറുപടി. നമ്മള്‍ അവിടെ സര്‍ക്കാര്‍ രൂപീകരിക്കും. നിങ്ങള്‍ ഉടന്‍ ഗോവയ്ക്ക് തിരിക്കുക.
ഒട്ടും സമയം കളയാതെ ഗഡ്കരി ഗോവയിലേക്ക് പറന്നു. ഗഡ്കരിക്ക് അന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു. രാത്രി 1.30ന് എം.ജി.പി പാര്‍ട്ടിയുടെ നേതാവ് സുദിന്‍ ധാവിലിക്കര്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്താല്‍ പിന്തുണയെന്ന് എം.ജി.പിയുടെ വാഗ്ദാനം. ഒപ്പം ചില വലിയ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടിയും വേണം. പുലര്‍ച്ചെ 5 മണിക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശായി ഗഡ്കരിയെ കാണാനെത്തുന്നു.
മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി ആക്കിയാല്‍ പിന്തുണ എന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും. രാവിലെ 5.15ന് ഗഡ്കരി അമിത്ഷായെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ കൈമാറി. ഷായുടെ മറുപടി ഇങ്ങനെ… ഇപ്പോള്‍ പ്രധാനമന്ത്രി ഉറക്കമാണ്. രാവിലെ 7 മണിക്ക് തിരിച്ച് വിളിക്കാം. പരീക്കറിനെ ഗോവയ്ക്ക് വിടണമെങ്കില്‍ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് കനിയണം. പരീക്കറിന്റെ മനസിലിരുപ്പും അറിയണം. രാവിലെ 8.30ന് വിളിച്ചിട്ട് അമിത് ഷാ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെങ്കില്‍ പരീക്കര്‍ വരുമെന്നും പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചെന്നും അറിയിക്കുന്നു.
ഒരു രാത്രി കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ആ രാത്രിയില്‍ ഉറങ്ങിപ്പോയ കോണ്‍ഗ്രസ് പിറ്റേന്ന് വൈകി ഉണര്‍ന്നപ്പോഴേക്കും എല്ലാം ബി.ജെ.പി സ്വന്തം വഴിക്കാക്കിയിരുന്നു. ശരിയായ തീരുമാനങ്ങള്‍ വേഗം എടുക്കുക. അതിനെക്കാള്‍ വേഗത്തില്‍ അതുനടപ്പാക്കുക. ഇതിന് കഴിയാതെ വരുന്നതാണ് കോണ്‍ഗ്രസിന് സംഭവിച്ചത്.