കുഞ്ഞാപ്പയെ കുഞ്ഞുമാണി കൈവിടില്ല ; മലപ്പുറത്ത് കട്ടപിന്തുണ പ്രഖ്യാപിച്ചു മാണി
കോട്ടയം: കോണ്‍ഗ്രസിനെ മൊഴി ചൊല്ലി യു.ഡി.എഫിന്റെ പടിയിറങ്ങിയെങ്കിലും കുഞ്ഞാപ്പയെ കൈവിടാന്‍ കുഞ്ഞുമാണിക്ക് ആവില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കി. മുസ്ലിം ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ഥിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ പിന്തുണയ്ക്കുമ്പോഴും ഇത് യു.ഡി.എഫിനുള്ള പിന്തുണയല്ലെന്നാണ് മാണിയുടെ പക്ഷം. അരനൂറ്റാണ്ടായി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത പ്രത്യേക തീരുമാനമാണിതെന്ന് മാണി വ്യക്തമാക്കുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് ഇറങ്ങും. യു.ഡി.എഫ് കണ്‍വെന്‍ഷന്‍ കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് പ്രത്യേകമായി കണ്‍വെന്‍ഷന്‍ നടത്തുമെന്നും കെ.എം മാണി വ്യക്തമാക്കുന്നു.
മുന്നണിയിലെ അസ്വാരസ്യങ്ങള്‍ മറന്ന് പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണിക്ക് ലീഗ് നേതൃത്വം കത്തെഴുതിയിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ മാണി സംസാരിച്ചിരുന്നു. മുന്നണിക്കു പുറത്താണെങ്കിലും ഉപാധികളില്ലാതെ പിന്തുണയ്ക്കണമെന്നാണ് ലീഗ് സെക്രട്ടറിയേറ്റ് കെ.എം മാണിയോട് ആവശ്യപ്പെട്ടത്. അത് അതേ പടി അംഗീകരിച്ച് മാണി കുഞ്ഞാപ്പയെ പിന്തുണയും പ്രഖ്യാപിച്ചു.