കെ.എസ്.എയുവില്‍ പങ്കിടലിന് ഐഎ ധാരണ; മത്സരത്തിന് കോപ്പുകൂട്ടി ഒരു വിഭാഗം
തിരുവനന്തപുരം: കലാലയങ്ങളില്‍ നാമാവശേഷമായെങ്കിലും കെ.എസ്.യുവിലെ പിള്ളേര് പോരിന് അന്ത്യമില്ല. ഭാവഹിത്വം നേതാക്കള്‍ ഇടപെട്ടു സമവായത്തിലൂടെ ഗ്രൂപ്പ് വീതം വെയ്പ്പ് നടത്തിയെങ്കിലും അതൊന്നും വകവെച്ചു കൊടുക്കാന്‍ കുട്ടിനേതാക്കള്‍ തയ്യാറല്ല. കെ.എസ്.യുവിന്റെ സംസ്ഥാന ജില്ല തിരഞ്ഞെടുപ്പാണ് വീണ്ടും ഗ്രൂപ്പ് പോരിനും ഗ്രൂപ്പിനുള്ളിലെ പോരിനും വേദിയാവുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവാക്കാന്‍ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ ധാരണയായിരുന്നു.
പാര്‍ട്ടി നേതൃത്വം ഇടപെട്ടുണ്ടാക്കിയ ധാരണപ്രകാരം സംസ്ഥാന പ്രസിഡന്റ് സ്ഥാനവും എട്ടു ജില്ലകളിലെ അധ്യക്ഷ പദവിയും എ ഗ്രൂപ്പിന് നല്‍കും. ആറു ജില്ലകളില്‍ പ്രസിഡന്റ് പദവി ഐ ഗ്രൂപ്പിനും. ഇതുപ്രകാരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ എ ഗ്രൂപ്പിന് നല്‍കുക. ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഐ ഗ്രൂപ്പിനും. എന്നാല്‍, ഈ ധാരണകളെ അട്ടിമറിച്ചാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായത്.
ഇരുപക്ഷത്തു നിന്നുള്ള മൂന്നു പേരാണ് മത്സരരംഗത്തുള്ളത്. കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരമാണ് നടന്നത്. ശക്തമായ പോരാട്ടത്തില്‍ പ്രസിഡന്റ് പദം എ ഗ്രൂപ്പിന് ലഭിച്ചിരുന്നു. ഐ ഗ്രൂപ്പ് നേതാവ് വൈസ് പ്രസിഡന്റായി. ഏഴു ജില്ലകളിലായി ഇരുവിഭാഗവും പ്രസിഡന്റ് പദവികള്‍ പങ്കിട്ടു. എന്നാല്‍, ഇത്തവണ ചേരിതിരിഞ്ഞ് മത്സരമുണ്ടായാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആഭ്യന്തര കലഹം രൂക്ഷമാവുമെന്ന് തിരിച്ചറിഞ്ഞാണ് തിരഞ്ഞെടുപ്പിനു മുമ്പേ ധാരണയിലെത്തിയത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗ്രൂപ്പു തിരിഞ്ഞുള്ള തമ്മിലടി ഒഴിവാക്കുക എന്നതും സമാവയത്തിന് കാരണമായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ സമവായത്തിന് പച്ചക്കൊടി കാട്ടി. എന്നാല്‍, നേതൃതലത്തില്‍ ഉണ്ടാക്കിയ ഈ ധാരണയെ ചൊല്ലി ഇരു ഗ്രൂപ്പുകളിലും തമ്മിലടി രൂക്ഷമായി. അംഗത്വ വിതരണത്തിലൂടെ നേടിയെടുത്ത ആധിപത്യത്തിലൂടെ സംസ്ഥാന പ്രസിഡന്റ് പദവി നിഷ്പ്രയാസം പിടിച്ചെടുക്കാമെന്നാണ് എ ഗ്രൂപ്പ് വാദം.
ഈ സാഹചര്യം നിലനില്‍ക്കേ പരാജയഭീതിയിലാണ് എ ഗ്രൂപ്പുമായി ഐ നേതൃത്വം ധാരണയിലെത്തിയത്. നിലവിലെ ധാരണ വന്നതോടെ പ്രവര്‍ത്തന മികവുളള പലരും ഒഴിവാക്കപ്പെടുമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. ഗ്രൂപ്പില്ലാത്തവര്‍ പുറത്താവുന്ന അവസ്ഥ. ഇരു ഗ്രൂപ്പിലും ധാരണയെ ചൊല്ലി കലഹം രൂക്ഷമായി. ഗ്രൂപ്പുകളുടെ ധാരണകളെ അട്ടിമറിച്ച് മത്സരത്തിന് കോപ്പു കൂട്ടുകയാണ് ഒരു വിഭാഗം. എ ഗ്രൂപ്പില്‍ നിന്നും ജെ.എസ് അഖില്‍, കെ.എം അഭിജിത് എന്നിവരും ഐ ഗ്രൂപ്പില്‍ നിന്നും അബ്ദുല്‍ റഷീദുമാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഇതിനിടെ കെ.എസ്.യു സംസ്ഥാന, ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് 25 അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് 40 അംഗങ്ങളെയും തിരഞ്ഞെടുക്കും. ഇരു കമ്മിറ്റികളിലേയും സെക്രട്ടറി, ജനറല്‍ സെക്രട്ടറിമാരുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. ജില്ലാ കമ്മിറ്റിയിലേക്ക് പ്രസിഡന്റ്, 4 വൈസ് പ്രസിഡന്റുമാര്‍, 10 വീതം ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാരെയും തിരഞ്ഞെടുക്കും.
സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രസിഡന്റിന് പുറമേ 6 വൈസ് പ്രസിഡന്റുമാര്‍, 14 ജനറല്‍ സെക്രട്ടറിമാര്‍, 15 സെക്രട്ടറിമാര്‍, 4 ദേശീയ പ്രതിനിധികളെയും തിരഞ്ഞെടുക്കും. മാര്‍ച്ച് 20 മുതല്‍ 24 വരെയാണ് തിരഞ്ഞെടുപ്പ്. 25ന് ഇന്ദിരാഭവനില്‍ വോട്ടെണ്ണല്‍ നടക്കും.