കുര്‍ബാനക്കിടെ ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു


മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ദേവാലയത്തില്‍ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍ മാത്യുവി (48) നാണ് കഴുത്തിന്റെ ഇടതു ഭാഗത്ത് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വൈദികനെ നോര്‍ത്ത് ഫോക്‌നറിലെ ദ നോര്‍ത്തേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓസ്‌ട്രേലിയന്‍ സമയം രാവിലെ 11ന് നോര്‍ത്ത് ഫോക്‌നര്‍, 95 വില്യം സ്ട്രീറ്റിലെ സെന്റ് മാത്യൂസ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്തുന്നതിനിടെയാണ് സംഭവമെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്തിയുമായെത്തിയ അജ്ഞാതന്‍ ‘ഇന്ത്യക്കാരനായ നീ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും, അതിനാല്‍ പ്രാര്‍ഥന നടത്താന്‍ പാടില്ല, നിന്നെ ഞാന്‍ കൊല്ലും’ എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയയിലെ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

അക്രമിയെന്ന് സംശയിക്കുന്ന അമ്പത് വയസുള്ള ഓസ്‌ട്രേലിയന്‍ വംശജനെ പാര്‍പ്പിട മേഖലയിലെ തെരുവില്‍ നിന്ന് പിന്നീട് പൊലീസ് പിടികൂടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോണ്‍സ്റ്റബിള്‍ റിയാനോന്‍ നോര്‍ട്ടണ്‍ അറിയിച്ചു.

വൈദികന്‍ സുഖം പ്രാപിച്ചു വരുന്നതായും വൈകാതെ ജോലിയിലേക്ക് മടങ്ങുമെന്നും മെല്‍ബണ്‍ കത്തോലിക്ക അതിരൂപത വക്താവ് ഷെയ്ന്‍ ഹെയ്‌ലി പറഞ്ഞതായി ഓസ്‌ട്രേലിയന്‍ വാര്‍ത്താ ഏജന്‍സി എ.എ.പി റിപ്പോര്‍ട്ട് ചെയ്തു.