വൈദികര്‍ക്ക് മുന്‍പില്‍ കുമ്പസരിക്കാന്‍ സ്ത്രീകള്‍ക്ക് ഭയം ; സ്ത്രീകളെ കുമ്പസരിപ്പിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ധര്‍ണ്ണ
സഭാ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ആവശ്യത്തിനു വേണ്ടിയുള്ള ധര്‍ണ്ണയാണ് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നില്‍ അരങ്ങേറിയത്. കത്തോലിക്ക സഭയിലെ സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ടാണ് വിശ്വാസികളുടെ ധര്‍ണ്ണ നടന്നത്. കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെയും, സഭയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ പുരോഹിതര്‍ക്ക് മുന്നില്‍ ഭയത്തോടെയാണ് കുമ്പസാരിക്കുന്നത്. വൈദികര്‍ക്ക് മുന്നില്‍ കുമ്പസാരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും മടിക്കുകയാണ്. പുതിയ സംഭവവികാസങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നും ആരോപണമുണ്ട്. ഇതിനാലാണ് സ്ത്രീകള്‍ക്ക് കുമ്പസാരിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധര്‍ണ്ണ നടന്നത്. കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും പള്ളിമേടയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ മാനന്തവാടി രൂപത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പള്ളിയില്‍ അള്‍ത്താര ബാലികമാര്‍ അനിവാര്യമല്ലെന്നാണ് മാനന്തവാടി രൂപതയുടെ യോഗത്തിലുയര്‍ന്ന മറ്റൊരു നിര്‍ദേശം. ഇനി അള്‍ത്താര ബാലികമാരുണ്ടെങ്കില്‍ അവര്‍ക്ക് വസ്ത്രം മാറാന്‍ പ്രത്യേക മുറി നല്‍കണം. പള്ളിമുറികളില്‍ സ്ത്രീകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും, തുറന്ന സ്ഥലങ്ങളില്‍ മാത്രമേ കൗണ്‍സിലിംഗ് നടത്താവൂ എന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ത്രീകളെ കുമ്പസാരിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യം ഇതിനു മുന്‍പും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം വീണ്ടുമുയര്‍ന്നിരിക്കുന്നത്.