ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ഒന്നായി ; ഇനി രാജ്യത്തെ ടെലികോം രംഗത്തെ ഏറ്റവും വമ്പൻ കമ്പനി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​ ഐഡിയയും വോഡഫോണും ലയിച്ചു. ജിയോയുടെ വെല്ലുവളി നേരിടാനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്. 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും.  ഇതോടെ രാജ്യത്തെ മൂന്നിലൊന്ന് ഉപഭോക്താക്കള്‍ പുതിയ കൂട്ടുകെട്ടിന് കീഴിലാകും. അതായത് 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും.  കമ്പനിയുടെ ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. സി.ഇ.ഒ, ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസർ തുടങ്ങിയ നിയമനങ്ങൾ രണ്ട്​ കമ്പനികളും  ചേർന്ന്​ നടത്തും.  ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റ്​ മൊബൈൽ സേവനദാതാക്കൾ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ്​ ലയന തീരുമാനത്തിലേക്ക്​ ​െഎഡിയയും വോഡഫോണും എത്തിയതെന്നാണ്​ സൂചന​.  ജിയോയുടെ വരവോടെ നാല്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക്​ എയർടെൽ കൂപ്പുകുത്തി. ഐഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ്​ പുതിയ തന്ത്രങ്ങൾ ആവിഷ്​കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്​.