നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് പോലീസ് കസ്റ്റഡിയില്‍

പാലക്കാട് : ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്‌ണദാസ് പൊലീസ് കസ്റ്റഡിയിലായി. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് പൊലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ നിയമോപദേശക സുചിത്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടിയിലെ ജവഹര്‍ലാല്‍ കോളേജിന്റെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് പരാതിപ്പെട്ടതിന് ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചുവെന്നും  നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചെന്നും ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് എല്‍.എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്ത് അലി (22)നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസമാണ് പരാതി നല്‍കിയത്. ചെയര്‍മാന്‍ നേരിട്ട് മര്‍ദ്ദിച്ചെന്ന് ഒരു വിദ്യാര്‍ഥി പരാതിപ്പെടുന്നത്. ഭയംമൂലമാണ് ഇതുവരെ കുടുംബം പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും കോളേജില്‍നിന്ന് ടി.സി. വാങ്ങിയ ശേഷമാണ് ഇതേക്കുറിച്ച് വെളിപ്പെടുത്താന്‍ ഷഹീര്‍  തയ്യാറായത് എന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.