സ്പോണ്‍സറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യന്‍ എംബസ്സിയും, നവയുഗവും ചേര്‍ന്ന് രക്ഷപ്പെടുത്തി
ദമ്മാം: ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തില്‍ അഭയം തേടിയ ഇന്ത്യക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ ബര്‍ക്കത്തുന്നിസ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. നല്ല വീട്ടുകാരും, മികച്ച ജോലിസാഹചര്യങ്ങളുമാണെന്ന നാട്ടിലെ ഏജന്റിന്റെ വാചകമടിയില്‍ വിശ്വസിച്ചാണ് ബര്‍ക്കത്തുന്നിസ വിസ വാങ്ങി ജോലിയ്ക്കെത്തിയത്. എന്നാല്‍ പ്രതീക്ഷകളെ തകര്‍ക്കുന്ന മോശമായ പെരുമാറ്റമാണ് അവര്‍ക്ക് ആ വീട്ടില്‍ നേരിടേണ്ടി വന്നത്.
ബര്‍ക്കത്തുന്നിസ പറയുന്നത് ഇങ്ങനെയാണ് – ‘ആദ്യദിവസം തന്നെ ആഹാരം പാചകം ചെയ്യാന്‍ വീട്ടുകാര്‍ അവരോട് പറഞ്ഞു. എന്നാല്‍ ബര്‍ക്കത്തുന്നിസ ആഹാരം ഉണ്ടാക്കിയപ്പോള്‍, അത് ഇഷ്ടമാകാതെ അവര്‍ ശകാരിച്ചു. തനിയ്ക്ക് അറബിക്ക് ആഹാരസാധനങ്ങള്‍ ഉണ്ടാക്കി പരിചയമില്ലെന്നും, അവിടെയുള്ള മറ്റു പാചകക്കാരുടെ സഹായത്തോടെ താന്‍ കുറേശ്ശേ അത് പഠിച്ചെടുക്കാം എന്നും ബര്‍ക്കത്തുന്നിസ പറഞ്ഞപ്പോള്‍, കുപിതനായ സ്‌പോണ്‍സര്‍ ബര്‍ക്കത്തുന്നിസയുടെ കൈ പിടിച്ച് ചൂടുള്ള സ്റ്റവ്വില്‍ വെച്ച് പൊള്ളിച്ചു.’
അത് ഒരു തുടക്കമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് തന്നെ കുറ്റം കണ്ടുപിടിച്ച് ശകാരിയ്ക്കുകയും, ചീത്ത വിളിയ്ക്കുകയും, പലപ്പോഴും ദേഹോപദ്രവം ഏല്‍പ്പിയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. ശമ്പളമോ സമയത്തിന് ആഹാരമോ കൊടുത്തില്ല. ഒടുവില്‍ സഹികെട്ട് ബര്‍ക്കത്തുന്നിസ ആരുമില്ലാത്ത അവസരത്തില്‍ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന് ദമ്മാമിലെ എംബസ്സി ഹെല്‍പ്പ്ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. എംബസ്സി വോളന്റീര്‍മാര്‍ അറിയിച്ചതനുസരിച്ച് എത്തിയ സൗദി പോലീസ്, അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.
എംബസ്സി അധികൃതര്‍ അറിയിച്ചതനുസരിച്ച് അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ബര്‍ക്കത്തുന്നിസയോട് സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കി. നവയുഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ബര്‍ക്കത്തുന്നിസയുടെ ബന്ധുക്കള്‍ വിസ നല്‍കിയ ഏജന്റിനെതിരെ നാട്ടില്‍ പരാതി നല്‍കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ബര്‍ക്കത്തുന്നിസയുടെ സ്‌പോണ്‍സറോടും, നാട്ടിലെ ഏജന്റിനോടും ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു. ആദ്യമൊക്കെ നിഷേധരൂപത്തില്‍ സംസാരിച്ചെങ്കിലും, ബര്‍ക്കത്തുന്നിസ നേരിട്ട ദേഹോപദ്രവത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് കൊടുക്കുമെന്ന് ശക്തമായി പറഞ്ഞപ്പോള്‍, ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു. എംബസ്സി വഴി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന നവയുഗത്തിന്റെ ഭീക്ഷണിയില്‍ വഴങ്ങിയ നാട്ടിലെ ഏജന്റ്, ബര്‍ക്കത്തുന്നിസയ്ക്ക് മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കാമെന്ന് സമ്മതിച്ചു.
അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വെറും കൈയ്യോടെ ബര്‍ക്കത്തുന്നിസ നാട്ടിലേയ്ക്ക് മടങ്ങി.