അങ്കമാലി ഡയറീസ് സിനിമാക്കാര്‍ക്ക് പണികിട്ടാന്‍ സാധ്യത ; കുടുതല്‍ നടപടിക്കൊരുങ്ങി പോലീസ്

കാറില്‍ സ്റ്റിക്കറൊട്ടിച്ച് സിനിമാ പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ്  സിനിമാ സംഘം പുലിവാല് പിടിക്കാന്‍ സാധ്യത. വന്‍ വാര്‍ത്താ പ്രാധ്യാനം നേടിയ സംഭവത്തില്‍ സിനിമാ സംഘത്തിനു കൂടുതല്‍ നടപടിക്ക് തയ്യാറാവുകയാണ്‌ പോലീസ്. നിയമലംഘനത്തിന് വാഹന ഉടമക്ക് നോട്ടീസ് ആയക്കാനും ഇതേവാഹനം സമാനമായ രീതിയില്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനും എറണാകുളം റൂറല്‍ എസ്.പി നിര്‍ദേശം നല്‍കി. കാറിന്‍റെ വിന്‍‍‍ഡോ ഗ്ലാസുകള്‍ മുഴുവന്‍ മറച്ച് സിനിമാ പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് താരങ്ങളെ മൂവാറ്റുപുഴയില്‍ വെച്ചാണ് കഴിഞ്ഞദിവസം ഡി.വൈ.എസ്.പി തടഞ്ഞത്. ഇതിനെതിരെ പരാതിയുമായി ചിത്രത്തിലെ അഭിനേതാക്കള്‍ രംഗത്തെത്തിയതോടെയാണ് എറണാകുളം റൂറല്‍ പൊലീസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വാഹനം പരിശോധിച്ച ‍ഡി.വൈ.എസ്‌.പിയുടെ നടപടിയില്‍ തെറ്റില്ലെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു. വാഹനം പിടിച്ചെടുക്കുകയായിരുന്നു വേണ്ടത്. കാറിന്റെ ആര്‍.സി ഉടമക്ക് പിഴയടക്കാന്‍ അടുത്തദിവസം നോട്ടീസ് അയക്കും. ഇതേവാഹനം സമാനമായ രീതിയില്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്.  കൂടാതെ നിയമ നടപടി കൂടാതെ കഴിഞ്ഞദിവസം ഈ വാഹനം വിട്ടയച്ചതിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയോട് വിശദീകരണവും തേടിയിട്ടുണ്ട്. സമാനമായ രീതിയില്‍ ചില്ലുകള്‍ മറച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാനും നി‍ര്‍ദേശമുണ്ട്. സമാന നിയമലംഘനം നടത്തിയതിന് അങ്കമാലി ഡയറീസിന്റെ ഇതേ വാഹനം ദിവസങ്ങള്‍ക്കുമുമ്പ് മോട്ടോര്‍ വാഹന വകുപ്പും പിടികൂടിയിരുന്നു.ഇതിനിടെ പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സിനിമാസംഘം ഡി.ജി.പിക്ക്  പരാതി നല്‍കി. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു