ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ പോലീസ് വാഹനം സി.സി ടിവിയില്‍ കുടുങ്ങി

അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിരമായി വൈദ്യസഹായം എത്തിക്കാന്‍ പൊലീസിന് കഴിയണം. പെട്രോളിങ് വാഹനത്തില്‍ തന്നെ പരിക്ക് പറ്റിയവരെ കൃത്യസമയത്ത് ആശുപത്രയില്‍ എത്തിച്ചു കൈയടി നേടിയിട്ടുള്ള പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയുടെ ഭാഗമാണ് മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം. രാജ്യത്തെ പൊലീസ് സേനയ്ക്കാകെ അപമാനമുണ്ടാക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ കൂടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നോയിഡയിലെ സെക്റ്റര്‍ 11 ലാണ് സംഭവം നടന്നത്. അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മെനക്കെടാതെ രക്ഷപെട്ടു. സമീപത്തെ വീടിന്റെ സിസിടിവില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് പൊലീസിന്റെ അനാസ്ഥ തെളിഞ്ഞത്. ഇന്‍ഡോര്‍ സ്വദേശികളും സഹോദരങ്ങളുമായി ആദിത്യ സിങ് ചൗഹാനും അനൂപ് സിങ് ചൗഹാനുമാണ് അപകടത്തില്‍ പെട്ടത്. നോയിഡയില്‍ നിന്ന് ഗുരുഗാവിലേക്ക് വരികയായിരുന്നു ഇരുവരും. റോഡ് ക്രോസ് ചെയ്ത് ഇവരുടെ ബൈക്കിനെ അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസിന്റെ ടൊയോട്ട ഇന്നോവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ആരും അപകടനില തരണം ചെയ്തിട്ടില്ല.