ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍
ഹൈക്കോടതി ജഡ്ജിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ജഡ്ജിനെതിരായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയോട് വിശദീകരണം തേടുമെന്നും ബാര്‍ കൗണ്‍സില്‍. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചത്. നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിക്കുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രസഹിതം ചീഫ് ജസ്റ്റിസിന് മഹിജ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് ബാര്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത്.
ജഡ്ജിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്ലാസ് എടുക്കാനാണ് അദ്ദേഹം കോളേജില്‍ പോയതെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വിശദീകരണം.
നെഹ്‌റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിന് ജിഷ്ണുവിന്റെ അമ്മ മഹിജ പരാതി നല്‍കിയത്. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രൂക്ഷ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യവിന്റെ ബെഞ്ച് അറസ്റ്റിനെ വിമര്‍ശിച്ചത്.
ഹൈക്കോടതി ജഡ്ജിന്റെ കൃഷ്ണദാസ് കേസിലെ അതിരൂക്ഷ ശകാരം വിവാദമാകുന്നതിന് ഇടയിലാണ് നെഹ്‌റു ഗ്രൂപ്പുമായി ജസ്റ്റിസിന് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. കൃഷ്ണദാസിന്റെ ആതിഥ്യം സ്വീകരിച്ച വ്യക്തിയാണ് ജസ്റ്റിസ് എബ്രഹാം മാത്യുവെന്ന സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ സഹിതമാണ് ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. 2016 ഡിസംബറില്‍ ബാര്‍ കൗണ്‍സില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നെല്ലിയാമ്പതിയില്‍ ലക്കിടി ജവഹര്‍ ലോ കോളെജുമായി ചേര്‍ന്ന് നടത്തിയ പഠനയാത്രയില്‍ ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടത്.