ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ലണ്ടനില്‍ പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം; നാല് മരണം, നിരവധിപേര്‍ക്ക് പരിക്ക്
ലണ്ടന്‍: ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം നാല് പേര് മരിച്ചു. അക്രമം നടത്തിയ വ്യക്തിയെ പൊലീസ് വെടിവെച്ചു കൊന്നു. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളില്‍ അതിവേഗത്തില്‍ സഞ്ചരിച്ച കാറിടിച്ചാണ് സ്ത്രീ മരിച്ചത്. കാറിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പിലടക്കം 20ഓളം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് ഫ്രഞ്ച് വിദ്യാര്‍ഥികളുമുണ്ട്.
പൊലീസുകാരനെ കുത്തിയയാള്‍ തന്നെയാണോ കാറില്‍ സഞ്ചരിച്ചതെന്ന് വ്യക്തമല്ല. രണ്ടുപര്‍ സഞ്ചരിച്ച കാര്‍ പാര്‍ലമെന്റിന് തൊട്ടരികെ എത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച ആക്രമണങ്ങളുണ്ടായത്. പാര്‍ലമെന്റിന്റെ അധോസഭയുെട മുന്നില്‍ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കുത്തേറ്റത് മരിച്ചത്. ഇദ്ദേഹം കുത്തേറ്റ് വീണയുടന്‍ പൊലീസ് ആക്രമിയെ വെടിവെച്ചു. ആക്രമണം നടത്തിയയാള്‍ ഏഷ്യന്‍ വംശജനാണെന്നാണ് വിവരം. ഭീകരാക്രമണമാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ള ഉന്നതെരല്ലാം സുരക്ഷിതരാണ്. ഭീതിവിതച്ച ആക്രമണത്തെ തുടര്‍ന്ന് അധോസഭ സമ്മേളനം റദ്ദാക്കി.