കുണ്ടറ പീഡനം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ; പ്രതിക്ക് കുട്ടികളെ പീഡിപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്തിരുന്നത് ഭാര്യ

കുണ്ടറ :  കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തി. മരണപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയാണ് പ്രതിക്കെതിരെ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ  മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകുംവിധം ക്രൂരമായ രീതിയിലാണ് ഇയാള്‍  പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. ഇയാളുടെ വീട്ടില്‍വച്ച് ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് ആരോപണം. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഭാര്യയും പങ്കാളിയാണ് എന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ എല്ലാ വൃത്തിക്കെടിനും ഇവര്‍ പൂര്‍ണ്ണ പങ്കാളിയായിരുന്നുവെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണ് എന്നും വിശദമായ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകു എന്നും പോലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസില്‍ ഭാര്യയും പ്രതിയാവും. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തുന്നത്. നേരത്തെ പത്തുവയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.  അതിനിടെ, കുണ്ടറയില്‍ പതിനാലുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇയാളാണെന്ന ആരോപണവുമായി ബന്ധുക്കള്‍  രംഗത്ത് എത്തി. സംഭത്തില്‍  പ്രതി വിക്ടർ ദാനിയേലിന്‍റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.  കുണ്ടറയിൽ 2010ലാണ്  14 വയസുകാരൻ ആത്മഹത്യ ചെയ്തതു.  മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ൽ കുട്ടിയുടെ അമ്മയും സഹോദരിയും പൊലീസിന് പരാതി നൽകിയിരുന്നു.  പ്രതിയുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 14കാരൻ. വിക്ടർ ദാനിയേലും മകനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി.