തല മരവിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുമ്പോള്‍ കൊന്നുതരാന്‍ അവരോട് യാചിച്ചിട്ടുണ്ട്: പാകിസ്താന്‍ തിരിച്ചയച്ച ഇന്ത്യന്‍ ജവാന്‍
മുംബൈ: പാക് സൈന്യത്തിന്റെ പിടിയിലായി തിരിച്ചെത്തിയ ഇന്ത്യന്‍ ജവാന്‍ പറയാനുള്ളത് തല മരയ്ക്കുന്ന കൊടുംക്രൂരതയുടെ പീഡനപര്‍വ്വം. ചന്തു ബാബുലാല്‍ ചൗഹാനാണ് പാകിസ്താനില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ലോകത്തോട് വെളിപ്പെടുത്തിയത്.
പാക് സൈന്യം പിടികൂടിയ ഉടന്‍ തന്നെ തന്റെ വസ്ത്രമഴിച്ച് അവര്‍ പരിശോധിച്ചു. കൈകാലുകള്‍ കെട്ടി ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീട് വളരെ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കൊന്നുകളയാന്‍ പോലും അവരോടു പറഞ്ഞു. ജീവിതം അവസാനിക്കുകയാണെന്നാണ് കരുതിയതെന്നും ചൗഹാന്‍ പറഞ്ഞു. അവരെന്നെ ഒരു ഇരുട്ടുമുറിയിലാണ് അടച്ചിരുന്നത്. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. ശുചിമുറിയും അതിനുള്ളിലായിരുന്നു. തല മരവിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുമ്പോള്‍ കൊന്നുകളയാന്‍ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. വേദനകൊണ്ടു പുളയുമ്പോള്‍ എന്തോ മരുന്ന് കുത്തിവയ്ക്കും. കരഞ്ഞുകരഞ്ഞ് കണ്ണില്‍ ഒരുതുള്ളി കണ്ണീര്‍ പോലുമില്ലാത്ത അവസ്ഥ വന്നിട്ടുണ്ടെന്നും ചൗഹാന്‍ വെളിപ്പെടുത്തി.
രാത്രിയാണോ പകലാണോയെന്ന് പോലും പലപ്പോഴും മനസിലായിരുന്നില്ല. ഈ സയമൊക്കെയും മനസില്‍ കുടുംബത്തിന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോധം കെടുത്തുന്നതിനുള്ള മരുന്ന് പലപ്പോഴും നല്‍കിയിരുന്നു. ചെവിയില്‍ നിന്ന് രക്തം വരുമ്പോള്‍ മരുന്നൊഴിക്കും. ഉറി ഭീകരാക്രമണത്തിന് പകരംവീട്ടുന്നതിനാണ് അതിര്‍ത്തി കടന്നെത്തിയതെന്ന് ഇടയ്ക്ക് പറയേണ്ടി വന്നിട്ടുണ്ടെന്നും ചൗഹാന്‍ പറഞ്ഞു.
ഇന്ത്യന്‍ ജവാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണു പിടിയിലായതു. പീഡനം അധികമായപ്പോള്‍ കൊന്നു തരാന്‍ വരെ പാക്ക് സൈനികരോട് യാചിച്ചിട്ടുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു. അതേസമയം അവര്‍ കൊല്ലുമെന്ന് തന്നെയായിരുന്നു താന്‍ കരുതിയിരുന്നതെന്നും ചന്തു ബാബുലാല്‍ പറഞ്ഞു. ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിന് പിന്നാലെയാണ് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന ചന്തു ബാബുലാലിനെ പാകിസ്താന്‍ പിടികൂടുന്നത്. പിന്നീട് ജനുവരിയില്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.