ബന്ധുനിയമന വിവാദം ; യു ഡി എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ല. നേതാക്കളുടെ ബന്ധുക്കളെ പ്രധാന തസ്തികളിലൊന്നും നിയമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് കോടതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുന്‍ മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമന വിവാദം കത്തിനിന്ന സമയത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിയിലും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി ലഭിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം 13 നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇവരില്‍ 10 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. ചെറിയ തസ്തികളില്‍ ചിലര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് ജോലി നല്‍കിയത്. ഇക്കാര്യത്തില്‍ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കും.നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കള്‍ ഇല്ല. യോഗ്യതയുള്ളവരാണ് നിയമനം ലഭിച്ചവരെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്യൂണ്‍, ക്ലാര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.