മിഷേലിന്റെ ദുരൂഹ മരണം: ക്രോണിനെതിരെ പോക്‌സോ ചുമത്തി
കൊച്ചി : സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിനെതിരെ പോക്‌സോ ചുമത്തി. മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനു മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകത്തെ പെൺകുട്ടിയെ ഉപദ്രവച്ചതിനും ഭീഷണപ്പെടുത്തിയതിനുമാണ് പോക്സോ ചുമത്തിയത്. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എയ്ക്ക് പഠിക്കുകയായിരുന്നു. മാര്‍ച്ച് ആറിന് വൈകീട്ടാണ് കൊച്ചി വാര്‍ഫില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഛത്തീസ്ഗഡ്ഡില്‍ ജോലിചെയ്തിരുന്ന പിറവം സ്വദേശി ക്രോണിനെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാല് തവണ വിളിച്ചതായും കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമാണ് ക്രോണിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. അതേസമയം മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. പക്ഷെ പോലീസ് അന്വേഷണത്തില്‍ ആത്മഹത്യയാണ് എന്ന് തെളിഞ്ഞിരുന്നു.