പത്തുമാസത്തിനിടെ പിണറായി സര്‍ക്കാരിന് രണ്ടു വിക്കറ്റ് നഷ്ടം: എല്ലാ മേഖലയിലും ലൈംഗികതയുടെ അതി പ്രസരം
കോഴിക്കോട്: കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍ പതിവിലും കൂടുതലായി ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഒടുവില്‍ സര്‍ക്കാരിലെ ഒരു മന്ത്രി തന്നെയും ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നതിന്റെ പേരില്‍ രാജി വയ്ക്കേണ്ട ഗതികേടില്‍ സ്ഥിതിഗതികള്‍ എത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി പത്തുമാസത്തിനിടെ രാജിവയ്ക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്‍.
പരാതിയുമായി എത്തിയ സ്ത്രീയോട് മന്ത്രി മോശമായി പെരുമാറിയതെന്ന രീതിയിലുള്ള ഓഡിയോ ക്ലിപ്പാണ് മംഗളം ചാനല്‍ പുറത്ത് വിട്ടത്. മന്ത്രി നിരന്തരമായി സ്ത്രീയോട് മോശമായി സംസാരിക്കുന്നുവെന്നാണ് ചാനല്‍ പറയുന്നത്. സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുമായി മന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.
നേരത്തെ വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജനും മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് അന്ന് ജയരാജന്‍ രാജിവെച്ചത്.