‘ഗ്രേറ്റ് ഫാദറി’ന്റെ പടുകൂറ്റന്‍ കട്ടൗട്ട് നീക്കം ചെയ്യണമെന്ന് പൊലീസ്: ഫാന്‍സ് ക്ലബും, പോലീസും തമ്മില്‍ ആശയകുഴപ്പം
ആലപ്പുഴ: മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഗാ സ്റ്റാറിന്റെ പൂര്‍ണകായ ചിത്രം പതിച്ച കട്ടൗട്ട് ആലപ്പുഴയിലെ പ്രധാന പ്രദര്‍ശനനഗരിയായ റെയ്ബാന്‍ സിനി ഹൗസിനു മുന്നില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടു ഫാന്‍സ് അസോസിയേഷനും ജില്ലാ പൊലീസും തമ്മില്‍ ആശയകുഴപ്പം. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് സ്വാഗതമോതിയാണ് ഫാന്‍സ് സംഘം കട്ടൗട്ട് സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
സൂര്യയുടെ സിങ്കം ത്രിയും വിജയുടെ ഭൈരവനും തീയറ്ററുകളില്‍ നിറഞ്ഞാടുന്നതിനിടെ നായകന്മാരുടെ പടകൂറ്റന്‍ കൗട്ട് ഔട്ടുകള്‍ സ്ഥാപിച്ചപ്പോള്‍ പൊലീസിന് നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കട്ടൗട്ട് സ്ഥാപിച്ചത് പൊലീസ് ചോദ്യം ചെയ്യുന്നത് എന്തിനെന്നുമാണ് ഫാന്‍സ് അസോസിയേഷന്റെ അതേസമയം ചോദ്യം. പടം റിലീസ് ചെയ്യന്ന തീയറ്ററിന് എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന മുന്‍ പൊലീസ് ചീഫ് കെഎന്‍ ബാല്‍ ഐപിഎസ് ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടിയെന്ന മഹാനടനെ അപമാനിക്കാനുള്ള പൊലീസിന്റെ ഏതു നീക്കവും നേരിടുമെന്ന് ഭാരവാഹികള്‍ പറയുന്നു. 50 അടി ഉയരത്തില്‍ അരലക്ഷം രൂപ മുടക്കിയാണ് ഫാന്‍സ് കൂട്ടം ഈ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. പൊലീസും അസോസിയേഷനും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടയില്‍ ഡി വൈ എഫ് ഐ കട്ടൗട്ടിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും മമ്മൂട്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
വന്‍ പ്രതീക്ഷയോടെ ഈ മാസം 30ന് സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും റിലീസാകാനിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ഉജ്ജ്വല സ്വീകരണമാണ് കേരളം മുഴുവന്‍ ഒരുക്കിയിരിക്കുന്നത്.