ഫാദര്‍ ടോമിയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ വീണ്ടും വംശീയ ആക്രമണം: ഇത്തവണ പരിക്കേറ്റത് കോട്ടയംകാരനായ മലയാളിയ്ക്ക്
മെല്‍ബണ്‍: വി. കുര്‍ബാനയ്ക്കിടെ കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാ. ടോമി കളത്തൂരിന് കുത്തേറ്റ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഓസ്ട്രേലിയയില്‍ നിന്നും വംശീയ ആക്രമണത്തിന്റെ മറ്റൊരു ഭീകരതകൂടി. താസ്മാനിയയില്‍ ടാക്സി ഡ്രൈവറായ കോട്ടയം സ്വദേശി ലീ മാക്സാണ് ഒരുപറ്റം കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായത്. ലീയുടെ മുഖത്ത് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഹൊബാര്‍ട്ടിലെ മെക്ഡോണള്‍ഡ് റസ്റ്റോറന്റില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തദ്ദേശീയരായ നാലു യുവാക്കളും യുവതിയും അടങ്ങുന്ന സംഘം ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്സ് കണ്ടിരുന്നു. റസ്റ്റോറന്‍ഡിലെ ജീവനക്കാരനോട് കയര്‍ത്തുകൊണ്ടിരുന്ന ചെറുപ്പക്കാര്‍ ലീയെ കണ്ടത്തോടെ ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. വംശീയ ആക്രമണമാണെന്ന് കാരണം കാണിച്ചു ലീ ടാസ്മാനിയന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഓസ്ട്രേലിയയില്‍ ഉള്ളവര്‍ക്ക് 1800 333 000 എന്ന നമ്പറില്‍ വിളിക്കാം