ഓസ്ട്രിയന്‍ യുവതി രാജസ്ഥാനിലെ മസാജ് പാര്‍ലറില്‍ മാനഭംഗത്തിനിരയായി


ഉദയ്പൂര്‍: വിനോദ സഞ്ചാര വിസയില്‍ ഇന്ത്യയില്‍ എത്തിയ ഓസ്ട്രിയന്‍ സ്വദേശി ഉദയ്പൂര്‍ പട്ടണത്തിലെ മസാജ് പാര്‍ലറില്‍ മാനഭംഗത്തിനിരയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. 21കാരിയായ ഓസ്ട്രിയ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ലര്‍ ഉടമ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഓസ്ട്രിയന്‍ എംബസി ആശങ്കയും നടുക്കവും രേഖപ്പെടുത്തി.

ഉദയ്പൂര്‍ ഹനുമാന്‍ ഘട്ടിലെ ഭാരതി മസാജ് പാര്‍ലറില്‍ അക്യുപങ്ചര്‍ ചികിത്സ തേടിഎത്തിയ യുവതിയെ മസാജിംഗിനിടെ പ്രതി ദുരുദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വിവരിച്ചു. ഗവേഷക വിദ്യാര്‍ഥിയായ യുവതി പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുമാസമായി ക്യാമ്പ് ചെയ്തുവരികയായിരുന്നു.

സംഭവം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതായി പോലീസ് മേധാവി രാജേന്ദ്ര പ്രസാദ് അറിയിച്ചു.