തിരഞ്ഞെടുപ്പില്‍ തങ്ങളെ ജയിപ്പിച്ചാല്‍ ബീഫ് നിരോധനം നടപ്പാക്കില്ല എന്ന് ബി ജെ പി

ബീഫ് നിരോധനം നടപ്പിലാക്കാതിരിക്കാന്‍ തങ്ങളെ വിജയിപ്പിക്കണം എന്ന് ബിജെപി. യുപിയിലെ അറവ്ശാലകള്‍ വ്യാപകമായി അടച്ചിട്ട നടപടിയില്‍ രാജ്യമെങ്ങുമുള്ള ഒരു വലിയ വിഭാഗം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നിലപാട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, മിസോറാം, നാഗാലാന്റ് ഇവയെല്ലാം ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇവിടെയുള്ളവരെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് ബീഫ് നിരോധനത്തില്‍ വ്യത്യസ്ത നിലപാടുമായി ബിജെപി മുന്നോട്ടു വന്നിരിക്കുന്നത്. നാഗാലാന്റിലെ 88% ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. മിസോറാം(87%), മേഘാല(75%) എന്നിങ്ങനെയാണ് കണക്കുകള്‍. ഇവിടെ അറവ്ശാല നിരോധനം കൊണ്ട് വന്നാല്‍ വിലപോകില്ലെന്ന് ബിജെപിക്ക് അറിയാം. പശുക്കളെ അറക്കുന്ന അറവ്ശാലകള്‍ക്കെതിരെ യുപിയില്‍ കൈക്കൊണ്ട നടപടി ഒരിക്കലും നാഗാലാന്റില്‍ പ്രാവര്‍ത്തികമാക്കില്ല എന്നാണ് നാഗാലാന്റ് ബിജെപി നേതാവ്  വിസാസൊളി ലോങു ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ മറ്റ് ചെറു പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടായ ബിജെപി വിജയം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി .