മുഖ്യമന്ത്രിയുടെ ഫോണും ചോര്‍ത്തി ; ചോര്‍ത്തല്‍ നടന്നത് കോട്ടയം കേന്ദ്രീകരിച്ച്

കോട്ടയം : ഫോണ്‍ വിളി വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രിക്ക് രാജിവെക്കേണ്ട സാഹചര്യം പ്രസക്തമാകുന്നത് ദിവസങ്ങള്‍ക്ക്  മുന്‍പ്  നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങള്‍. ഈ മാസം 13നു നിയമസഭയില്‍ സംസാരിക്കുന്ന സമയം മുഖ്യമന്ത്രിയടക്കം 27 സി.പി.എം നേതാക്കളുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്നു അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ അതിനെ ശരിവെക്കുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, ഫോണിന് പോലും സുരക്ഷയില്ലെന്നായിരുന്നു നിയമസഭയിലെ ആരോപണം. വടക്കാഞ്ചേരി പീഡനക്കേസില്‍ ഇടപെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ചോര്‍ത്തി തൊട്ടടുത്ത ദിവസം സര്‍ക്കാര്‍  അനുകൂല പത്രം പ്രസിദ്ധീകരിച്ചതോടെയാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്ന് അനില്‍ അക്കര  മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം കേന്ദ്രീകരിച്ച് പോലീസ് വകുപ്പും ബി.എസ്.എന്‍.എല്ലിലെ ചില ജീവനക്കാരുമാണ് ചോര്‍ത്തുന്നത്. ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഫോണും ഇവര്‍ ചോര്‍ത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.