മന്ത്രിയെ കുടുക്കിയ മംഗളവും കുടുങ്ങുവാന്‍ സാധ്യത ; അശ്ലീലം സംപ്രേക്ഷണം ചെയ്തു; മന്ത്രിയോട് അഞ്ചുകോടി ആവശ്യപ്പെട്ടു; ബ്ലാക്ക് മെയിലിംഗ് മാധ്യമപ്രവര്‍ത്തനം ; ആരോപണങ്ങളുടെ നീണ്ട നിര
തിരുവനന്തപുരം : ഒരു ചാനലിനും കിട്ടാത്ത അത്രയ്ക്ക് സ്ട്രോങ്ങ് ആയ ലോഞ്ചിംഗ് നടത്തിയ റേറ്റിംഗില്‍ ഒന്നാമത് എത്തിയ മംഗളം ചാനലിനു പണികിട്ടുവാന്‍ സാധ്യത. അശ്ലീല ഓഡിയോ ക്ലിപ്പുകൾ പീക്ക് ടൈമിൽ സംപ്രേക്ഷണം ചെയ്തതിന് ചാനലിനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചനകള്‍ ഉണ്ട്.അവധിദിവസമായ ഇന്നലെ പകൽസമയം കുട്ടികൾ അടക്കമുള്ളവർ ചാനൽ കാണുന്നതിനിടെയാണ് അശ്ലീല ഓഡിയോ ചാനല്‍ പുറത്തു വിട്ടത്. മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ പ്രസിദ്ധീകരിച്ചതോടെ ചാനലിൽ ചർച്ചയ്ക്കിരുന്ന സ്ത്രീകള്‍ പോലും ചെവിപൊത്തുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത സ്ത്രീകളിൽ ഒരാൾ നിങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്കു ഒരു മണിവരെ അശ്ലീല ഓഡിയോ ചർച്ച ചെയ്ത ചാനൽ മന്ത്രിയുടെ ഓഡിയോ പല തവണ ആവർത്തിച്ചു കാണിക്കുകയും ചെയ്തു. ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ആരോപിച്ചാണ് ഇപ്പോൾ എൻസിപി പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം വനിതാ സംഘടനകളും മംഗളത്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെയും അശ്ലീതകളുടെയും അതിർവരമ്പ് ലംഘിക്കുന്ന പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന മാനദണ്ഡമാണ് ടെലിവിഷൻ ചാനലുകൾക്കടക്കം കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് മംഗളം ചാനൽ കഴിഞ്ഞ ദിവസം മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നതും. ഇതിനിടെ മാധ്യമപ്രവർത്തനത്തിനു അരുതാത്ത രീതിയിലുള്ള കാര്യങ്ങൾ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എൻസിപി നേതാക്കൾ ദേശീയ ട്രൈബ്യൂണലിനും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും എൻസിപി നേതാക്കളും ഒരു വിഭാഗം വനിതാ നേതാക്കളും പരാതി നൽകിയിട്ടുണ്ട്.
അതുപോലെ ബ്ലാക്ക് മെയിലിംഗ് പത്രപ്രവര്‍ത്തനമാണ് മംഗളം നടത്തുന്നത് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മന്ത്രിയുമായി സംസാരിച്ചതിന് യുവതിക്ക് വന്‍തുകയാണ് ചാനല്‍ നല്‍കിയത് എന്ന് പറയപ്പെടുന്നു. യുവതിയുമായുള്ള സംഭാഷണം ആണ് പുറത്തുവിട്ടത് എങ്കിലും ഓഡിയോയില്‍ നിന്നും സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു.കൂടാതെ യുവതി മന്ത്രിയേ പ്രകോപിപ്പിക്കുകയും, സെക്‌സ് സംഭാഷണം നടത്തുകയും ചെയ്യുകയായിരുന്നു എന്നും ആരോപണങ്ങള്‍ ഉണ്ട്. ചാനലിന്‍റെ റേറ്റിംഗ് കൂട്ടാന്‍ അണിയറക്കാര്‍ പണി തുടങ്ങിയിട്ട് മാസങ്ങളായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നടന്‍മാരുടെയും തുടങ്ങി ഉന്നതരുടെ നിരവധി രഹസ്യ വിവരങ്ങളാണ് മംഗളം അണിയറയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ശശീന്ദ്രന്റേത്. സ്ത്രീയുമായുള്ള ശശീന്ദ്രന്റെ ശബ്ദം നാളുകളായി മംഗളം ചാനലിന്‍റെ കൈയില്‍ കിട്ടിയിരുന്നു. തങ്ങളുടെ കൈയില്‍ രേഖയുണ്ടെന്നും ഇത് പുറത്തു വിടുമെന്നും മംഗളം ദൂതന്‍ മുഖേന ശശീന്ദ്രനു സൂചനയും നല്‍കി. അഞ്ചു കോടിയാണ് ചാനല്‍ ആവശ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു. എന്നാല്‍ പണം നല്‍കാന്‍ തയാറല്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. സമാന രീതിയില്‍ നിരവധി പേര്‍ക്ക് ചാനലിന്റെ ഭീഷണി എത്തിയിട്ടുണ്ടെന്നാണ് വിവരം. ശശീന്ദ്രന്റെ നില തെറ്റിയതോടെ പലരും ചോദിച്ച പണം കൊടുക്കാനും തയാറായിട്ടുണ്ട്. ഉന്നതരുടെ കിടപ്പറ രഹസ്യങ്ങള്‍ വരെ ചോര്‍ത്താന്‍ ഓരോ ജില്ലകളിലും ചാനല്‍ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍മാരായി നാമമാത്രമായ അളുകള്‍ മാത്രമേ ചാനലില്‍ ഉള്ളുവെങ്കിലും ഇത്തരം അവിഹിതങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ പോന്ന ചിലരെ സംസ്ഥാനത്തിന്റെ കീ പോയിന്റുകളില്‍ നിലനിര്‍ത്തികൊണ്ടാണ് ചാനലിന്റെ കളികള്‍ എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.