ലെഗ്ഗിന്‍സ് ധരിച്ചുവന്നതിന് പെണ്‍കുട്ടികളെ വിമാനത്തില്‍ കയറ്റിയില്ല ; ഇന്ത്യയിലല്ല സംഭവം അങ്ങ് അമേരിക്കയില്‍

വാഷിങ്ടൺ :  സ്ത്രീകള്‍ ലെഗ്ഗിന്‍സ് ധരിക്കുന്ന  വിഷയത്തില്‍  സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. വിഷയത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ് എങ്കിലും വസ്ത്രധാരണം ഓരോരുത്തരുടെയും സ്വകാര്യമായ അവകാശമാണ് എന്നതാണ് സത്യം. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്ത് മിക്ക ഇടങ്ങളിലും സ്ത്രീകളുടെ ലെഗ്ഗിന്‍സ് ധാരണം ഒരു മുഖ്യപ്രശ്നമാണ് എന്ന് വേണം കരുതാന്‍ കാരണം വികസിത രാജ്യമായ അമേരിക്കയില്‍ പോലും പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്നത് തന്നെ.ഇത്തരത്തില്‍  ലെഗ്ഗിങ്സ് ധരിച്ചെത്തിയ പെൺകുട്ടികളെ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്നും വിലക്കിയവാര്‍ത്തയാണ് ഇവിടെ.ഞായറാഴ്ചയാണ് സംഭവം. ഡെൻവറിൽ നിന്നും മിനെപൊളിസിലേക്കുള്ള യുനൈറ്റഡ് എയർലൈസ് വിമാനത്തിലാണ് ലെഗ്ഗിങ് ധരിച്ചെത്തിയ അഞ്ചു പെൺകുട്ടികളെ അധികൃതര്‍ തടഞ്ഞത്. ലെഗ്ഗിങ്സ് മാറ്റുകയോ അതിനു മുകളിൽ മറ്റു വസ്ത്രം ധരിക്കുകയോ ചെയ്താലേ യാത്ര അനുവദിക്കൂയെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നുപെൺകുട്ടികൾ വസ്ത്രം മാറ്റി. എന്നാൽ വസ്ത്രം മാറ്റാൻ തയാറാകാതിരുന്ന 10 വയസുകാരി ഉൾപ്പെടെയുള്ള രണ്ടുപേരെ യാത്രചെയ്യുന്നത് അധികൃതർ വിലക്കി. അതേസമയം, പെൺകുട്ടികളുടെ കയ്യിലുണ്ടായിരുന്ന ഡ്രസ് കോഡ് നിബന്ധനയുള്ള യാത്രാടിക്കറ്റായിരുന്നുവെന്ന് വിമാനകമ്പനി പ്രതികരിച്ചു.  കമ്പനിയുടെ ജീവനക്കാർക്കോ ആശ്രിതർക്കോ യാത്രചെയ്യാവുന്ന ‘‘യുനൈറ്റഡ് പാസ് ട്രാവലർ’’ ടിക്കറ്റാണ് അവരുടെ പക്കലുണ്ടായിരുന്നത്. അതിൽ വസ്ത്രധാരണ നിബന്ധനയുണ്ടെന്നും അതിനാലാണ് പെൺകുട്ടികളോട് വസ്ത്രം മാറിവരാൻ നിർദേശിച്ചെന്നതുമാണ് അധികൃതരുടെ വിശദീകരണം.