വംശീയാക്രമണം ; പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പോകുവാന്‍ മടിക്കുന്നു

വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളും കാരണം അമേരിക്കന്‍ സര്‍വകാശാലകളില്‍ അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടത്തിയ സര്‍വേയുടെ പ്രാഥമിക വിവരമനുസരിച്ച്  ബിരുദതലത്തില്‍ 26 ശതമാനവും ബിരുദാനന്തര ബിരുദ തലത്തില്‍ 15 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുന്ന  മൊത്തം വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളില്‍ 47 ശതമാനം ഇന്ത്യയില്‍ നിന്നും ചൈനയില്‍  ചൈനയില്‍ നിന്നുമാണ്. ഏകദേശം 10 ലക്ഷം ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികളാണ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്.