ജാതിപ്പേര് വിളിച്ചു: ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍


കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അതേസമയം കേസ് മെയ് 25ന് പരിഗണിക്കാനായി മാറ്റി.

വിദ്യാര്‍ഥിയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലാണ് സര്‍ക്കാര്‍ പുരോഗതി ബോധിപ്പിച്ചത്. പരാതിക്കാരെന്റയും പ്രതിയുെടയും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായും ചില രേഖകളുടെ ഫോറന്‍സിക് പരിശോധന ഫലം കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നുള്ള തെന്റ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണ് തനിക്കെതിരെ ഉന്നയിച്ചത്. തന്നെ മനഃപൂര്‍വം കേസില്‍പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് ലക്ഷ്മി നായര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.