റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സിനിമയുടെ പ്രധാനരംഗങ്ങള്‍ ഫേസ്ബുക്കില്‍
കൊച്ചി : മലയാള സിനിമയിലെ ഈ വര്‍ഷത്തെ പ്രാധാന റിലീസുകളില്‍ ഒന്നായ ഇനിയും റിലീസ് ആകാത്ത മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങള്‍ പുറത്ത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ഒരു ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഭാഗം പ്രചരിച്ചത്. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കി.സിനിമയിലെ നിര്‍ണായകമായ ഒരു സീനാണ് പുറത്തായത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം വിഡിയോ കണ്ടു കഴിഞ്ഞു. റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ ഒരു ഭാഗം പുറത്ത് വന്നതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ ഒരു ഭാഗം പുറത്ത് വന്നത്. ടൈം കോഡ് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്നാണ് കരുതുന്നതെന്ന് നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്‍ ആരോപിച്ചു. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. മുന്‍പ് പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകള്‍ റിലീസ് ആയി ദിവസങ്ങള്‍ക്ക് ശേഷം വ്യാജന്‍ ഇറങ്ങിയിരുന്നു.എന്നാല്‍ തിയറ്ററില്‍ പോലും എത്താത്ത ഒരു സിനിമയുടെ പ്രധാനരംഗങ്ങള്‍ തന്നെ പുറത്താകുന്നത് മലയാള സിനിമയില്‍ തന്നെ ആദ്യ സംഭവമാകും.