താരങ്ങളുടെ മരുന്നടി ; അഞ്ജു ബേബി ജോര്‍ജ്ജിന് ഒളിമ്പിക്സ് മെഡല്‍ ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി : ഒളിമ്പിക് അത്‌ലറ്റിക്‌സില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജിന് മെഡല്‍ ലഭിക്കാന്‍ സാധ്യത. ഏതന്‍സില്‍ വനിതാ ലോംഗ്ജമ്പില്‍ മെഡല്‍ നേടിയ മൂന്ന് താരങ്ങളും പിന്നീട് മറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെയാണ് അഞ്ജുവിനെത്തേടി മെഡലെത്താനുള്ള പ്രതീക്ഷ ഉയർന്നത്. 2004 ഏതന്‍സ് ഒളിമ്പിക്‌സിൽ അഞ്ജുവിന് ലഭിച്ച അഞ്ചാം സ്ഥാനമാണ് വെള്ളി മെഡലാവുക.ഏതന്‍സില്‍ ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടന്ന ഇവരില്‍ നിന്ന് ഏതന്‍സില്‍ നേടിയ മെഡലുകള്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍, പതിമൂന്ന് വര്‍ഷത്തിനുശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും സംയുക്തമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഇതിനെ തുടര്‍ന്നാണ് അഞ്ജുവിന്റെ മെഡല്‍ പ്രതീക്ഷയ്ക്ക് വീണ്ടും ജീവന്‍വച്ചത്. ആദ്യ മൂന്ന് സ്ഥാനക്കാരായ റഷ്യയുടെ തതാന്യ ലെബഡേവയും ഇറിന സിമാഗിനയും തത്യാന കൊട്ടോവയും അയോഗ്യരാക്കപ്പെട്ടാല്‍ അന്നത്തെ നാലും അഞ്ചും ആറും സ്ഥാനം നേടിയ ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണ് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണ് വെങ്കലവും ലഭിക്കും. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് അഞ്ജു.ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പരാതി നല്‍കാനാണ് പദ്ധതിയെന്ന് അഞ്ജുവിന്റെ പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.