അങ്കമാലി ഡയറീസ് വിവാദങ്ങള്‍ അവസാനിക്കുന്നില്ല ; ആളിലാത്ത സിനിമ കാണിക്കാന്‍ നിര്‍മ്മാതാവ് ബംഗാളികളെയും ഗുണ്ടകളെയും ഇറക്കി എന്ന് തിയറ്റര്‍ ഉടമ

റിലീസായി വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമായ അങ്കമാലി  ഡയറീസിന്‍റെ വിവാദങ്ങള്‍ തീരുന്നില്ല. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിലും വാര്‍ത്തകളിലും നിറയുകയാണ് ചിത്രം. സിനിമാ പ്രമോഷന് വേണ്ടി പോയ താരങ്ങളെ പോലീസ് പിടച്ച വിവാദം തീരുന്നതിന് മുന്നേ ഇപ്പോളിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ചിത്രം.ഇത്തവണ ചിത്രം പ്രദര്‍ശിപ്പിച്ച തൃശൂര്‍ ഗിരിജ തിയറ്ററുമായി ബന്ധപ്പെട്ടാണ് വിവാദം. സിനിമ കാണാന്‍ എത്തിയ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തിയറ്റര്‍ അധികൃതര്‍ ഗേറ്റ് അടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിയറ്റര്‍ ഉടമ ഡോ ഗിരിജയ്‌ക്കെതിരെ സിനിമാ ലോകത്തെ സംവിധാകര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിഞ്ഞതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി തിയറ്റര്‍ ഉടമ രംഗത്തെത്തി. തിയറ്റര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നപ്പോള്‍ പ്രതിക്കൂട്ടിലായത് ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ചിത്രം ഹോള്‍ഡ് ഓവര്‍ ആകാതിരിക്കാന്‍ വേണ്ടി നിര്‍മാതാവ് നടത്തിയ കള്ളക്കളിയാണ് തിയറ്ററില്‍ ആളെ ഇറക്കിയതെന്ന് തിയറ്റര്‍ ഉടമ ഡോ ഗിരിജ പറയുന്നു. കളക്ഷന്‍ പ്രത്യേക പരിധിയില്‍ താഴ്ന്നാല്‍ ഉടമയ്ക്ക് പ്രദര്‍ശനം നിറുത്താന്‍ അവകാശമുണ്ട്. ഇതിനെയാണ് ഹോള്‍ഡ് ഓവര്‍ എന്ന് പറയുന്നത്. എന്നാല്‍ ഇത്  ഒഴിവാക്കാനുള്ള നിര്‍മാതാവിന്റെ കളിയായിരുന്നു ഇതെന്നും അവര്‍ പറയുന്നു.  സിനിമ കാണാനെന്ന വ്യാജേന നിര്‍മാതാവ് അങ്കമാലിയില്‍ നിന്നും ബംഗാളികളെ ബസില്‍ ഇറക്കുകയായിരുന്നെന്ന് ഡോ ഗിരിജ പറയുന്നു. ഇവര്‍ സിനിമ കാണാനായി വന്നവരായിരുന്നില്ല. തിയറ്ററിലിരുന്ന ഉറങ്ങുകയായിരുന്നു അവര്‍. അതിന്റെ ചിത്രങ്ങളും അങ്കമാലി പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണെന്ന് ഇവര്‍ പറയുന്നതിന്റെ വീഡിയോയും തിയറ്ററുടമ പകര്‍ത്തി. നിര്‍മാതാവിനെതിരെ തിയറ്ററുടമ പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി. നിര്‍മാതാവ് ഇറക്കിയ ബംഗാളികള്‍ തീയറ്ററില്‍ ബഹളമുണ്ടാക്കിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ഡോ ഗിരിജ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും പോലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ ആരും സിനിമ കാണാന്‍ എത്തിയതായിരുന്നില്ല. തിയറ്ററിനു മുന്നിലെ തിരക്ക് കാണിക്കാന്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്നതായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളുകളും അവരുടെ കൂട്ടത്തില്‍ എത്തിയതുകൊണ്ടാണ് അവരെ തിയറ്ററിനുള്ളിലേക്ക് കയറ്റാതെ ഗേറ്റ് അടച്ച്. ഇതോടെ അവര്‍ ഭീഷണിയുമായി എത്തിയെന്നും തിയറ്ററുടമ ഡോ ഗിരിജ പറയുന്നു.