നവരാത്രി ഉത്സവം ; ഒരു ആഴ്ച്ചത്തേയ്ക്ക് ഇറച്ചിക്കടകള്‍ തുറക്കരുത് എന്ന് ശിവസേന ; കെഎഫ്സിയും പൂട്ടിച്ചു
ഗുഡ്ഗാവ് : നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ഹരിയാണയില്‍ ഇറച്ചിക്കടകള്‍ അടയ്പ്പിക്കുന്നു. നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേയ്ക്ക് ഇറച്ചിക്കടകളും കെഎഫ്‌സി അടക്കം ഇറച്ചി വിൽക്കുന്ന കടകളും തുറക്കരുതെന്നാണ് ശിവസേനാ പ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതുകൂടാതെ നവരാത്രിക്കു ശേഷവും എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും കടകള്‍ തുറക്കരുതെന്നും ശിവസേനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കടകള്‍ അടക്കമുള്ള 500 ഇറച്ചിക്കടകള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളിലെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 50പേര്‍ വീതമുള്ള സംഘങ്ങളായാണ് ശിവസേനാ പ്രവര്‍ത്തകര്‍ നഗരത്തിലെ കടകളിലെത്തി ആവശ്യമുന്നയിച്ചത്. സാധാരണയായി നവരാത്രി ദിവസങ്ങളില്‍ ഇറച്ചിക്കടകള്‍ അടയ്ക്കാറുണ്ട് എങ്കിലും കഴിഞ്ഞ വര്‍ഷം പതിവ് തെറ്റിച്ച് ചില കടകള്‍ തുറന്നിരുന്നു. അതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. അത്തരം സംഘര്‍ഷം ഒഴിവാക്കുവാന്‍ വേണ്ടിയാണു ഇത്തവണ നേരത്തെ എല്ലാ കടക്കാര്‍ക്കും നോട്ടീസ് നല്‍കിയത് എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.