സ്ത്രീ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കുവാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മടി ; ആണുങ്ങളെ വിട്ടാല്‍ മതി എന്ന്
ടെലിഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങി ഒരു മന്ത്രിയുടെ സ്ഥാനം തെറിച്ചതിനു പിന്നാലെ സ്ത്രീ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കുവാന്‍ രാഷ്ട്രീയ നേതാക്കള്‍ മടിക്കുന്നു എന്ന് വാര്‍ത്തകള്‍. ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥ് ആണ് അഭിമുഖം ചോദിച്ച സമയം തനിക്ക് ഒരു മുതിര്‍ന്ന നേതാവില്‍ നിന്നും ഉണ്ടായ അനുഭവം പങ്കുവെച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടികെ ഹംസയെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അഭിമുഖം തരില്ലെന്നും ആണ്‍കുട്ടിയാണെങ്കില്‍ വന്നോളൂ എന്നാണ് അദ്ദേഹം അറിയിച്ചത് എന്ന് സുവി വിശ്വനാഥന്‍ പറയുന്നു. കൂടാതെ അഭിമുഖത്തിനായി വിളിച്ചപ്പോള്‍ അഭിമുഖം തന്നിട്ടെന്തിനാ എ.കെ. ശശീന്ദ്രനാക്കാനാണോയെന്നായിരുന്നു മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവല്ലെ എന്ന് ചോദിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായത് കൊണ്ടാണ് മുന്‍കരുതലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്യാമറാമാനും കൂടെയുണ്ടാകും എന്ന് പറഞ്ഞെങ്കിലും ആണ്‍കുട്ടികളെ ആരെയെങ്കിലും വിടൂ അപ്പോള്‍ അഭിമുഖം തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും പല നേതാക്കന്മാരും ഇപ്പോള്‍ അഭിമുഖങ്ങള്‍ നല്‍കുവാന്‍ മടിക്കുന്നു എന്നും ചാനല്‍ രംഗത്ത് പരക്കെ ആക്ഷേപമുണ്ട്. കൂടാതെ ശശീന്ദ്രന്‍ മാത്രമല്ല വേറെ പലരുടെയും തനിനിറം വെളിവാക്കുന്ന തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ട് എന്ന് മംഗളം ചാനല്‍ പ്രതികരിക്കുകയും ചെയ്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ പലരും ഭയത്തിലാണ് എന്നതാണ് സത്യം. മംഗളത്തിന്റെ രീതി മറ്റുള്ളവരും അനുകരിക്കുമോ എന്നാണ് പൊതുവേ പലര്‍ക്കുമുള്ള ഭയം.