ഫോണ്‍ വിളി വിവാദം ; മന്ത്രിയെ വിളിച്ചത് മാധ്യമപ്രവര്‍ത്തക തന്നെ ; മംഗളം മാപ്പ് പറഞ്ഞു

തിരുവനന്തപുരം : മന്ത്രി രാജി വെച്ച സംഭവത്തില്‍ മംഗളം മാപ്പ് പറഞ്ഞു. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചത് എന്ന് ചാനല്‍ സമ്മതിച്ചു.വീഴ്ച ആവര്‍ത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനല്‍ മേധാവി പറഞ്ഞു. വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതൊരു സ്റ്റിങ് ഓപ്പറേഷനായിരുന്നു. നേരത്തേ ഇക്കാര്യം ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി പുറത്തുവരാതിരിക്കാനാണ് -ചാനല്‍ മേധാവി പറഞ്ഞു. മാധ്യമപ്രവര്‍ത്തകയെ നിര്‍ബന്ധിച്ച് നടത്തിയ ഓപ്പറേഷനല്ല ഇതെന്നും എട്ടു പേര്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം എടുത്ത തീരുമാനമായിരുന്നതെന്നും ചാനല്‍ സിഇഒ കൂട്ടിചേര്‍ത്തു. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിനായി നിയോഗിച്ചത്. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും തങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും. മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നുവെന്നും അജിത്ത് പറഞ്ഞു.