യു പിയില്‍ കെനിയന്‍ യുവതിക്ക് പരസ്യമായി ക്രൂര മര്‍ദനം
രാജ്യത്ത് വിദേശികള്‍ക്ക് നേരെ വീണ്ടും അതിക്രമം. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കെനിയന്‍ യുവതിക്ക് നേരെയാണ് ഇപ്പോള്‍ അതിക്രമണം ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറിലാണ് സംഭവം. ടാക്സിയില്‍ സഞ്ചരിക്കുമ്പോഴാണ് ഗുണ്ടകള്‍ 25കാരിയായ മരിയ ബുറന്‍ഡിയെ തടഞ്ഞു നിര്‍ത്തി അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഗ്രേയിറ്റര്‍ നോയിഡയിലെ താമസസ്ഥലത്തേക്ക് ടാക്സിയില്‍ പോകുമ്പോഴാണ് ഗുണ്ടകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നോയിഡയില്‍വെച്ച് രണ്ട് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിയുമ്പോഴാണ് കെനിയന്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. അടിവയറ്റിലെ വേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തരം ആക്രമണങ്ങളെ നിസാരമായി കാണില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം മര്‍ദിച്ചതിന്റെ വീഡിയോ പുറത്തു വന്നു മണിക്കൂറുകള്‍ക്കകമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.